Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബിഗ് ബോസ് വേദിയിലെ പരാമര്‍ശം തലവേദനയാകുന്നു; വിജയ് സേതുപതിക്കെതിരെ തിരിഞ്ഞ് ആരാധകര്‍

വിജയ് സേതുപതി തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ പരോക്ഷ വിമർശനം ഉന്നയിച്ചെന്ന രീതിയിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു.

ബിഗ് ബോസ് വേദിയില്‍ മത്സരാർത്ഥിയായ ശതികയെ വിമർശിച്ച്‌ സംസാരിക്കവെ, നേതൃത്വം എന്താണെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് വഞ്ചനയാണെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിജയ്ക്ക് എതിരെയുള്ള വിമർശനമായി പലരും വ്യാഖ്യാനിച്ചത്. ഇതിനെത്തുടർന്ന് സോഷ്യല്‍ മീഡിയയില്‍ നടനെതിരെ വിജയ് ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഈ വിവാദങ്ങള്‍ക്കിടയിലാണ് വിജയ് സേതുപതി നായകനായ 'ബത്ത' എന്ന പുതിയ ചിത്രത്തിന്റെ പ്രി-റിലീസ് ഇവന്റ് ചെന്നൈയില്‍ നടന്നത്. ചടങ്ങില്‍ വിജയ് സേതുപതി വിജയ്ക്കെതിരെ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, ചിത്രത്തിന്റെ നിർമ്മാതാക്കളില്‍ ഒരാളായ സംവിധായകൻ അറ്റ്‌ലി വിജയ് നെ വാനോളം പുകഴ്ത്തി സംസാരിച്ചു. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനു ശേഷം കുട്ടികള്‍ പോലും നിയമസഭയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും അദ്ദേഹം നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണെന്നും അറ്റ്‌ലി വേദിയില്‍ പറഞ്ഞു.

എന്നിരുന്നാലും ഈ വിവാടങ്ങള്‍ പെട്ടെന്ന് അവസാനിക്കില്ലെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ അഭിപ്രായപ്പെടുന്നത്. ചാനലുകളുടെ ടിആർപി റേറ്റിംഗിന് വേണ്ടി വിജയ് സേതുപതിയെ കരുവാക്കുകയാണെന്നും, പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിജയും അറ്റ്‌ലിയും അടുത്ത സുഹൃത്തുക്കളായതിനാല്‍, ആരാധകരുടെ ദേഷ്യം കാരണം അറ്റ്‌ലി നിർമ്മിച്ച 'ബത്ത' എന്ന സിനിമയ്ക്ക് വല്ല തിരിച്ചടിയും നേരിട്ടാല്‍ അത് നിർമ്മാതാവിനെ ഗുരുതരമായി ബാധിക്കുമെന്നും അന്തനൻ ആശങ്ക പ്രകടിപ്പിച്ചു.

രാഷ്ട്രീയവും സിനിമയും ഇടകലർത്തുമ്പോള്‍ ചലച്ചിത്രമേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചർച്ചകള്‍ ഉയരുന്നുണ്ട്. സൂര്യയുടെ 'ജയ് ഭീം' സിനിമയ്ക്ക് ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളും ഫിലിം ഡിസ്ട്രിബ്യൂട്ടർ തിരുപ്പൂർ സുബ്രമണ്യത്തിന്റെ പ്രതികരണങ്ങളും അന്തനൻ ഇതിനോടൊപ്പം ഓർമ്മിപ്പിച്ചു. എങ്കിലും, നിലവിലെ വിവാദങ്ങളില്‍ വിജയ് സേതുപതി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com