ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന 'ഓപ്പറേഷൻ തൂഫാൻ' ചടങ്ങിനിടയില്‍ കുഞ്ചാക്കോ ബോബനോട് ഒരു സ്കൂള്‍ കുട്ടി കാണിച്ച ഹൃദ്യമായ സ്നേഹപ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.
കുട്ടിയായ കെവിൻ, കുഞ്ചാക്കോ ബോബനെ ഏറെനേരം കെട്ടിപ്പിടിക്കുകയും തുരുതുരാ ഉമ്മവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹം ആസ്വദിക്കുമ്പോള്‍ താരത്തിന്റെ കണ്ണുകള്‍ നിറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
തന്റെ സിനിമകള്‍ക്കപ്പുറം 'ചാക്കോച്ചൻ' എന്ന വ്യക്തിയെ ആളുകള്‍ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് നേരിട്ട് അനുഭവിക്കാൻ ഈ സംഭവം കാരണമായെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഇരുപത്തിയൊമ്പത് വർഷത്തിലേറെയായി ജനങ്ങളുടെ സ്നേഹത്തിന് ഒരു ശതമാനം പോലും കുറവു വന്നിട്ടില്ലെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. കുട്ടിയുടെ ഈ നിഷ്കളങ്കമായ സ്നേഹപ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ ജീവിതത്തില്‍ പാലിക്കുന്ന അച്ചടക്കവും മിതത്വവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ഒരു ആരാധകൻ കുറിച്ചു. ചാക്കോച്ചന്റെ നെഞ്ചില്‍ തലവെച്ചുകിടക്കുമ്പോള്‍ ആ കുഞ്ഞ് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്നും, കുട്ടികള്‍ക്ക് അഭിനയിക്കാൻ അറിയില്ലെന്നും അവരുടെ സ്നേഹം എത്രമാത്രം പരിശുദ്ധമാണെന്നും മറ്റുള്ളവർ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. കുട്ടിയെ യാതൊരു അരോചകവുമില്ലാതെ ചേർത്തുപിടിച്ച കുഞ്ചാക്കോ ബോബന്റെ നല്ല മനസ്സിനെയും നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്.
