സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയും ഭർത്താവ് സൗരവും തങ്ങളുടെ പുതിയ വ്ളോഗിലൂടെ പങ്കുവെച്ച വിശേഷങ്ങള്‍ ആരാധകർക്കിടയില്‍ ചർച്ചയാകുന്നു.
വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുന്ന ഇരുവരും ആരാധകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് വ്ളോഗില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇച്ചാപ്പി ഗർഭിണിയാണോ എന്നതായിരുന്നു. ഇതിന് വളരെ വ്യക്തവും പക്വവുമായ മറുപടിയാണ് ദമ്പതികള്‍ നല്‍കിയത്.
ഇച്ചാപ്പി ഗർഭിണിയല്ലെന്നും, തല്‍ക്കാലം അത്തരമൊരു തീരുമാനത്തിലേക്ക് തങ്ങള്‍ പോകുന്നില്ലെന്നും ആദ്യം സൗരവ് വ്യക്തമാക്കി. വിവാഹം കഴിഞ്ഞിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നതിനാല്‍ ഇരുവരും മാത്രമുള്ള ജീവിതം കുറച്ചുകൂടെ ആസ്വദിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. നിലവില്‍ വാടക വീട്ടിലാണ് താമസം എന്നും, ജീവിതത്തില്‍ ഒന്ന് സെറ്റില്‍ ആയതിനുശേഷം മാത്രം കുട്ടികളെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നുമാണ് ഇവരുടെ തീരുമാനം. തങ്ങള്‍ ഇപ്പോഴും ചെറുപ്പമാണെന്നും, വിവാഹം നേരത്തെ കഴിഞ്ഞതിനാല്‍ കുഞ്ഞ് എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പക്വത തങ്ങള്‍ക്ക് ഇനിയും വരാനുണ്ടെന്നും സൗരവ് പറഞ്ഞു.
തുടർന്ന് ഇച്ചാപ്പിയും തന്റെ നിലപാട് വ്യക്തമാക്കി. താനും സൗരവും ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിച്ചവരാണ്. ഭാവിയില്‍ തങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ ആ കുട്ടി തങ്ങള്‍ കടന്നുപോയ സാഹചര്യങ്ങളിലൂടെ ഒട്ടും കടന്നുപോകാൻ പാടില്ലെന്ന് നിർബന്ധമുണ്ട്.
അതുകൊണ്ട് കുട്ടിക്ക് ആവശ്യമായ സുരക്ഷിതത്വവും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാൻ സാധിക്കണം. തങ്ങളുടെ സ്വപ്നങ്ങളുടെ ആദ്യ പടികള്‍ മാത്രമേ ഇപ്പോള്‍ പിന്നിട്ടിട്ടുള്ളൂ എന്നും, കൃത്യമായ സാഹചര്യങ്ങള്‍ ഒരുങ്ങിയ ശേഷം മാത്രം കുഞ്ഞിനെക്കുറിച്ച് ആലോചിക്കാമെന്നുമാണ് ഇച്ചാപ്പി പറയുന്നത്. താരദമ്പതികളുടെ ഈ പക്വതയാർന്ന തീരുമാനത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
