തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായെത്തിയ 'ജനനായകൻ' എന്ന ചിത്രത്തില്‍ താൻ അഭിനയിച്ച ഭാഗങ്ങള്‍ പൂർണ്ണമായും ഒഴിവാക്കിയതില്‍ കടുത്ത നിരാശ പങ്കുവെച്ച് നടി ആനന്ദി അജയ് രംഗത്ത്.
ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തിയതിന് പിന്നാലെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ വിഷമവും സങ്കടവും കണ്ണീരോടെ വെളിപ്പെടുത്തിയത്. അഭിനയരംഗത്തേക്കുള്ള തന്റെ തിരിച്ചുവരവില്‍ താൻ ആദ്യം കരാറൊപ്പിട്ട ചിത്രമായിരുന്നു ഇതെന്നും താരം വ്യക്തമാക്കുന്നു.
ഒരു വർഷത്തോളമായി ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും, വിജയ് സാറിനൊപ്പം സ്ക്രീൻ പങ്കിട്ട ആ രംഗങ്ങള്‍ തിയേറ്ററില്‍ കാണാനായി താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ആനന്ദി പറഞ്ഞു. ഇതുവരെ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രത്തോളം സങ്കടം തോന്നിയിട്ടില്ല. എന്നാല്‍ ദളപതിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകള്‍ തിയേറ്ററിലെത്തി കാണുമ്പോള്‍ അവ പൂർണ്ണമായും ഒഴിവാക്കപ്പെട്ടത് വലിയ നിർഭാഗ്യമായി തോന്നിയെന്നും താരം കരഞ്ഞുകൊണ്ട് കൂട്ടിച്ചേർത്തു.
തന്റെ രംഗങ്ങള്‍ വെട്ടിമാറ്റപ്പെട്ടെങ്കിലും ചിത്രം വളരെ മികച്ചതാണെന്നും എല്ലാവരും തിയേറ്ററുകളില്‍ പോയി കാണണമെന്നും നടി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നല്‍കുന്ന ചിത്രമാണിതെന്നും, വിജയ് സാർ ഇനിയും സിനിമകള്‍ ചെയ്യുകയാണെങ്കില്‍ വീണ്ടും ഒപ്പം അഭിനയിക്കാൻ ശ്രമിക്കാമായിരുന്നുവെന്നും എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമായതുകൊണ്ട് ആഗ്രഹം നടക്കില്ലെന്നും താരം വിഷമത്തോടെ പറഞ്ഞു. നേരത്തെ 'കറുപ്പ്' എന്ന ചിത്രത്തിലും തന്റെ രംഗങ്ങള്‍ വെട്ടിമാറ്റപ്പെട്ട കാര്യം ആനന്ദി തുറന്നുപറഞ്ഞിരുന്നു.
തമിഴ് ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയയായ ആനന്ദി അജയ് 'കാർത്തികൈ പെണ്‍കള്‍', 'യമുന', 'കനാ കാണും കാലങ്ങള്‍', 'കല്ലിക്കാട്ടു പള്ളിക്കൂടം' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ പ്രിയങ്കരിയായ നടിയാണ്. നർത്തകി കൂടിയായ താരം 'ഡാൻസ് ജോഡി ഡാൻസ്', 'ജോഡി നമ്പർ വണ്‍' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും മലയാളികള്‍ക്കും സുപരിചിതയാണ്. സെൻസർ ബോർഡുമായുള്ള തർക്കങ്ങളെത്തുടർന്ന് ആറുമാസത്തോളം വൈകിയെത്തിയ 'ജനനായകൻ' തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്.
