മലയാള സിനിമയിലെ യുവതാരങ്ങളായ മാത്യു തോമസ്, അനശ്വര രാജൻ, നസ്ലിൻ, മമിത ബൈജു എന്നിവർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വർധിച്ചുവരുന്ന സൈബർ ബുള്ളിയിംഗിനെതിരെ ശക്തമായ പ്രതികരണവുമായി കുറിപ്പ് വൈറലാകുന്നു.
ഫേസ്ബുക്ക് ഉപയോക്താവായ റഫീല നിസാർ പങ്കുവെച്ച കുറിപ്പിലാണ് യുവതാരങ്ങളെക്കുറിച്ചുള്ള അനാവശ്യ താരതമ്യങ്ങളെയും വ്യക്തിഹത്യകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളായി ചിലർ മാറുമ്പോള്‍, മറ്റുള്ളവരെ 'ഫീല്‍ഡ് ഔട്ടായവർ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന പ്രവണത അപക്വമാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
നസ്ലിനും മമിത ബൈജുവും വലിയ വിജയങ്ങള്‍ നേടിയെടുക്കുമ്പോള്‍, അനശ്വര രാജന്റെയും മാത്യു തോമസിന്റെയും ചിത്രങ്ങള്‍ക്ക് താഴെ പോയി മോശം കമന്റുകളിടുന്ന സൈക്കോത്തരത്തിന്റെ പീക്ക് ലെവലാണ് സോഷ്യല്‍ മീഡിയയില്‍ കാണാൻ കഴിയുന്നതെന്ന് റഫീല വ്യക്തമാക്കുന്നു. 'പ്രേമലു'വിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ മമിത ബൈജു മലയാളത്തിന് അഭിമാനമാണെങ്കിലും, അതിന്റെ പേരില്‍ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നത് ശരിയല്ല. 'ഉദാഹരണം സുജാത' മുതല്‍ 'നേര്' വരെയുള്ള ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച അനശ്വര രാജൻ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണെന്നും, തമിഴിലോ തെലുങ്കിലോ സിനിമകള്‍ ചെയ്യുന്നതുകൊണ്ട് മാത്രം ഒരാള്‍ ഉയർന്ന സ്ഥാനത്താവുകയും മറ്റുള്ളവർ പിന്നിലാവുകയും ചെയ്യുന്നില്ലെന്നും കുറിപ്പില്‍ ഓർമ്മിപ്പിക്കുന്നു.
മാത്യു തോമസ്, നസ്ലിൻ എന്നിവരെക്കുറിച്ചുള്ള അനാവശ്യ താരതമ്യങ്ങളും വ്യാപകമാണെന്ന് പോസ്റ്റില്‍ പറയുന്നു. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തി വളർന്നുവന്ന ഈ താരങ്ങളെ തമ്മിലടിപ്പിക്കാനല്ല, മറിച്ച് ഒന്നിച്ച് ചേർത്തുപിടിക്കുകയാണ് വേണ്ടത്. നസ്ലിന്റെ തനതായ കോമഡി ടൈമിങ്ങും മാത്യു തോമസിന്റെ നാച്ചുറല്‍ ആക്ടിങ്ങും മലയാളികള്‍ക്ക് നല്‍കിയ വിനോദം ചെറുതല്ല. ഇവർ നാലുപേരും വ്യത്യസ്ത ശൈലികളുള്ള, ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയ പ്രതിഭകളാണെന്നും സിനിമയെന്നത് ഒരു ഓട്ടപ്പന്തയമല്ലെന്നും റഫീല നിസാർ കുറിക്കുന്നു.
ഒരാളുടെ വലിയ വിജയം മറ്റൊരാളുടെ പരാജയമല്ലെന്നും, കയ്യിലൊരു ഫോണുണ്ടെങ്കില്‍ ആർക്കും എന്തും പറയാമെന്ന ധൈര്യത്തില്‍ യുവതാരങ്ങളെ നെഗറ്റീവ് കമന്റുകള്‍ കൊണ്ട് തളർത്തരുതെന്നും കുറിപ്പ് ഓർമിപ്പിക്കുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനDള്ള മലയാള സിനിമയുടെ ഭാവിയായ ഈ യുവപ്രതിഭകളെ തളർത്താതെ, എല്ലാവരുടെയും നല്ല സിനിമകള്‍ക്കും ഭാവി യാത്രകള്‍ക്കും പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
