നടി മഞ്ജു വാര്യരുടെ ജീവന് അപകടമുണ്ടെന്ന് പറഞ്ഞ് മുമ്പ് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ സംവിധായകനാണ് സനല്‍ കുമാർ ശശിധരൻ.
മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ വലിയൊരു തടവറയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കുറച്ച് അധികം വർഷങ്ങളായി മഞ്ജു വാര്യരുമായി ബന്ധപ്പെടുത്തി വിചിത്രമായ ആരോപണങ്ങളാണ് സനല്‍ നടത്തുന്നത്. നടി ആരുടെയൊക്കയോ തടവറയിലാണ് എന്നാണ് സനല്‍ നിരന്തരമായി അഭിമുഖങ്ങളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പറയാറുള്ളത്.
ഇപ്പോഴിതാ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നതെന്നും, തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അഡ്വ. ശാന്തി മായാദേവിയാണ് മഞ്ജു വാര്യർക്ക് വേണ്ടി ഹാജരാകുന്നത്. ഈ വിഷയത്തില്‍ മെറ്റയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്ന് അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. സനല്‍കുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയല്‍ ചെയ്തതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. മെറ്റയാണ് കേസിലെ മൂന്നാം പ്രതി. മറ്റ് ചില ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കെതിരെയും ഹർജിയില്‍ പരാതിയുണ്ട്.
സനല്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മഞ്ജു വാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെക്കുറിച്ച് കുറേ നാളുകളായി സനല്‍കുമാർ ശശിധരൻ നടത്തുന്ന പ്രതികരണങ്ങള്‍ വളരെ വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടുന്നു.
മഞ്ജു വാര്യരുടെ സുരക്ഷ, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സനല്‍ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിയവരികയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജു ചില റാക്കറ്റുകളുടെ പിടിയിലാണെന്നതടക്കമുള്ള ആരോപണങ്ങളും സംവിധായകൻ ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.
