മലയാള സിനിമാ താരസംഘടനയായ 'അമ്മ' കടുത്ത പ്രതിസന്ധിയിലൂടെയും വിവാദങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, സംഘടനയ്ക്കുള്ളിലെ തർക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു.
സംഘടനയില്‍ വർഗീയതയും ചേരിതിരിവും ആരോപിക്കപ്പെടുമ്പോള്‍, നടി സരയു മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മായ വിശ്വനാഥ് രംഗത്തെത്തിയിരിക്കുകയാണ്. സരയു മോഹൻ ഒരു 'സൈലന്റ് കില്ലർ പോയിസൻ' ആണെന്നും സംഘടനയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ അവർക്ക് പങ്കുണ്ടെന്നുമാണ് സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മായ വിശ്വനാഥ് തുറന്നടിച്ചത്.
'അമ്മ'യുടെ 32 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ചകളും അംഗങ്ങളുടെ സ്വകാര്യ കത്തിടപാടുകളും വരെ മാധ്യമങ്ങളിലേക്ക് ചോരുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ എന്നിവരോടൊപ്പം മായ വിശ്വനാഥും നേരത്തെ വാർത്താ സമ്മേളനം നടത്തിയിരുന്നു. സംഘടന വർഗീയവല്‍ക്കരിക്കപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു.
മോഹൻലാല്‍ സംഘടന പ്രസിഡന്റായിരിക്കെ അദ്ദേഹം രാജിവെച്ചപ്പോള്‍ സരയു മോഹൻ സ്വീകരിച്ച നിലപാടിനെ മായ വിശ്വനാഥ് ചോദ്യം ചെയ്യുന്നു. അന്ന് ലാലേട്ടൻ രാജിവെക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ എന്തിനാണ് രാജിവെക്കുന്നത് എന്ന് സരയു ചോദിച്ചിരുന്നുവെന്നും മായ ഓർമ്മിപ്പിക്കുന്നു.
സരയു ഇപ്പോള്‍ ശ്വേത മേനോനോട് കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെന്നും, ഏറ്റവും അപകടകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന സരയു മോഹനെക്കുറിച്ച് സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കും അറിയാമെന്നും മായ ആരോപിക്കുന്നു. കൂടാതെ, സരയുവിന്റെ ഭർത്താവിന് രണ്ടര ലക്ഷം രൂപ നല്‍കിയ സംഭവം തങ്ങള്‍ ചോദ്യം ചെയ്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
യോഗങ്ങളില്‍ നടക്കുന്ന ചർച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കുന്നത് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് മായ ആരോപിക്കുന്നു. 'കണക്ക് കാണിക്കൂ, വനിതാ കാർഡ് കളിക്കല്ലേ' എന്ന് താനും മാലാ പാർവതിയും പറഞ്ഞതിനെ ശ്വേത മേനോൻ അശ്ലീലമായി ചിത്രീകരിച്ചുവെന്നും അവർ പറഞ്ഞു. ജഗദീഷ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിന് പിന്നിലും ശ്വേതയുടെ ഇടപെടലുകള്‍ ഉണ്ടോ എന്ന് സംശയമുണ്ടെന്നും, ധ്യാൻ ശ്രീനിവാസനെ പോലുള്ള യുവതാരങ്ങള്‍ അമ്മയെ നയിക്കാൻ മുന്നോട്ടുവരണമെന്നും മായ വിശ്വനാഥ് അഭിപ്രായപ്പെട്ടു.
