Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ശരീരത്തിന്റെ ഓരോ അണുവിലും വേദന; വേദനയുടെ കടലിലൂടെ ഐശ്വര്യ രാജൻ; നൊമ്പരമായി താരത്തിന്റെ വെളിപ്പെടുത്തല്‍

Metromatinee.com 3 days ago

ടി അനശ്വര രാജന്റെ സഹോദരിയും ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ തുറന്നുപറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

വർഷങ്ങളായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത ശാരീരിക വേദനകളെക്കുറിച്ചും, ഡിസ്ക് തേയ്മാനം, അലർജി, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ രോഗങ്ങളുമായുള്ള പോരാട്ടത്തെക്കുറിച്ചുമാണ് ഐശ്വര്യ വീഡിയോയില്‍ വിശദീകരിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങള്‍ തന്റെ കരിയറിനെയും ജീവിതത്തെയും എങ്ങനെ ബാധിച്ചുവെന്ന് താരം വികാരാധീനയായി വിവരിക്കുന്നു.

16-ാം വയസ്സില്‍ നടന്ന അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയെത്തുടർന്ന് മാസങ്ങളോളം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നത് മുതല്‍ തുടങ്ങിയതായിരുന്നു ഐശ്വര്യയുടെ ദുരിതകാലം. ഡിഗ്രി പഠനകാലത്ത് ഉണ്ടായ ഡിസ്ക് പ്രൊലാപ്സ് തന്നില്‍ വലിയ മാനസികാഘാതം ഏല്‍പ്പിച്ചുവെന്ന് താരം പറയുന്നു. കോളേജ് ടൂർ പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും വേദന കാരണം മാസങ്ങളോളം ബെഡ് റെസ്റ്റിലായതും, ക്ലാസുകളില്‍ ഇരിക്കാൻ കഴിയാതെ നിന്ന് പഠിക്കേണ്ടി വന്നതും ഏറെ പ്രയാസകരമായിരുന്നു. കൂടാതെ, ബാങ്ക് കോച്ചിംഗിനിടെ നേരിട്ട മോശം അനുഭവങ്ങളും സാമ്പത്തിക-മാനസിക പ്രയാസങ്ങളും തന്നെ വല്ലാതെ തളർത്തിയെന്നും ഐശ്വര്യ വ്യക്തമാക്കി.

വിവിധ ചികിത്സാരീതികള്‍ പരീക്ഷിച്ചെങ്കിലും പലതും പരാജയപ്പെട്ടുവെന്ന് താരം തുറന്നുപറയുന്നു. ആയുർവേദ ചികിത്സയ്ക്കായി വലിയ തുക ചെലവഴിച്ചെങ്കിലും ഫലമൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, ചില ചികിത്സകള്‍ തന്റെ അവസ്ഥ കൂടുതല്‍ മോശമാക്കുകയായിരുന്നു ചെയ്തതെന്ന് ഐശ്വര്യ ആരോപിക്കുന്നു.

ചികിത്സയ്ക്കിടെ പല ഡോക്ടർമാരില്‍ നിന്നും മോശം അനുഭവങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം താൻ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും, വേദനകള്‍ കാരണം ലളിതമായ കാര്യങ്ങള്‍ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യവും താരം വിവരിക്കുന്നു. നടുവ് കുനിയ്ക്കാനോ മുഖം കഴുകാനോ പോലും കഴിയാത്ത അവസ്ഥയില്‍ താൻ അനുഭവിച്ച വേദനകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ലെന്നും, ഇത് തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

ശാരീരിക വേദനകള്‍ക്കപ്പുറം കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയും താൻ കടന്നുപോയിട്ടുണ്ടെന്ന് ഐശ്വര്യ വെളിപ്പെടുത്തുന്നു. റിലേഷൻഷിപ്പിലുണ്ടായ മോശം അനുഭവങ്ങളും, തന്റെ അമ്മയാകാനുള്ള കഴിവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാമർശങ്ങളും തന്നെ തളർത്തി.

ചുണ്ടും ചെവിയും ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗത്തും കടുത്ത വേദന അനുഭവപ്പെടുന്ന 'ഫൈബ്രോമയാള്‍ജിയ' എന്ന അവസ്ഥയിലൂടെയാണ് താൻ ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ഐശ്വര്യ വ്യക്തമാക്കി. സിംപതിയ്ക്ക് വേണ്ടിയല്ല, മറിച്ച്‌ തന്റെ ചികിത്സാഘട്ടങ്ങളെക്കുറിച്ച്‌ വ്യക്തത നല്‍കാൻ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും, ഇപ്പോള്‍ താൻ ഹീലിങ് (Healing) ഘട്ടത്തിലാണെന്നും താരം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com