വിവാഹമോചനത്തിന് ശേഷം മുൻഭർത്താവ് ജി.വി. പ്രകാശിനൊപ്പം മകളെ കോ-പാരന്റിംഗ് ചെയ്യുന്നതിനെക്കുറിച്ച് ഗായിക സൈന്ധവി മനസ്സ് തുറക്കുന്നു.
മകളുടെ സന്തോഷത്തിനും സമാധാനത്തിനും മുൻഗണന നല്‍കിയാണ് തങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സൈന്ധവി വ്യക്തമാക്കി. ഇരുവരും സംസാരിച്ച് എടുത്ത തീരുമാനമാണിതെന്നും, ഒരു കുട്ടിയുള്ളതുകൊണ്ടാണ് കോ-പാരന്റിംഗ് തുടരുന്നതെന്നും താരം പറഞ്ഞു. പല കാരണങ്ങളാല്‍ വേർപിരിഞ്ഞെങ്കിലും, അതിന് മുൻപ് തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ആ സൗഹൃദം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നതായും സൈന്ധവി കൂട്ടിച്ചേർത്തു.
വേർപിരിയല്‍ മകളെ ഒരു തരത്തിലും ബാധിക്കാൻ പാടില്ലെന്ന നിർബന്ധമുണ്ടായിരുന്നു. ഇപ്പോഴും തങ്ങള്‍ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ടെന്നും, ജി.വി. പ്രകാശിന് തിരക്കുകളില്ലാത്ത സമയങ്ങളില്‍ മകള്‍ അദ്ദേഹത്തിന്റെ വീട്ടിലായിരിക്കുമെന്നും സൈന്ധവി പറയുന്നു. ഒന്നുകില്‍ താൻ മകളെ അവിടെ കൊണ്ടുവിടും, അല്ലെങ്കില്‍ അദ്ദേഹം വന്ന് കൂട്ടിക്കൊണ്ടുപോകും. തങ്ങള്‍ക്കിടയില്‍ വെറുപ്പില്ലെന്നും, എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ലെന്നും താരം വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇനി വഴക്കിടേണ്ട കാര്യമില്ലെന്നും സൈന്ധവി പറഞ്ഞു.
മകള്‍ക്ക് ഇക്കാര്യങ്ങള്‍ എത്രത്തോളം മനസ്സിലാകുന്നുണ്ടെന്ന് അറിയില്ലെങ്കിലും, ഈ വീട്ടിലും ആ വീട്ടിലും പോകുന്നതുപോലെയാണ് അവള്‍ കാണുന്നതെന്ന് സൈന്ധവി പറയുന്നു. തങ്ങള്‍ വഴക്കിടുന്നത് മകള്‍ ഒരിക്കലും കണ്ടിട്ടില്ല. ഇവിടെ നിന്ന് ലഭിക്കാത്ത അനുവാദം അവിടെ നിന്നും അവള്‍ക്ക് കിട്ടില്ല. താൻ 'നോ' പറഞ്ഞാല്‍ അവിടെയും 'നോ' തന്നെയായിരിക്കും. പാരന്റിംഗില്‍ ഇരുവരും ഒറ്റക്കെട്ടാണെന്നും, മകള്‍ തന്നോടൊപ്പമാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്നും ഗായിക വ്യക്തമാക്കി.
പ്രൊഫഷണലായതുകൊണ്ടാണ് വേർപിരിഞ്ഞ ശേഷവും ഒരുമിച്ച് പാടുന്നതെന്ന് ജി.വി. പ്രകാശ് അടുത്തിടെ പറഞ്ഞിരുന്നു. തങ്ങള്‍ അങ്ങേയറ്റം പ്രൊഫഷണലാണെന്നും, പരസ്പരം ബഹുമാനമുണ്ടെന്നും, ആ ബഹുമാനത്തോടെയാണ് വേദിയില്‍ പെർഫോം ചെയ്യുന്നതെന്നും ജി.വി. പ്രകാശ് വ്യക്തമാക്കിയിരുന്നു. സംഗീത സംവിധാനത്തിനൊപ്പം അഭിനയത്തിലും നിർമ്മാണത്തിലും അദ്ദേഹം സജീവമാണ്. പഠനകാലത്ത് പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഒരുമിച്ച് പാടുമ്പോഴെല്ലാം ഇവരുടെ ഗാനങ്ങള്‍ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ കാലങ്ങളില്‍ തമിഴ് സിനിമാ ലോകത്ത് നിന്നും തുടർച്ചയായി വിവാഹമോചന വാർത്തകളാണ് പുറത്തുവന്നത്. ധനുഷും ഐശ്വര്യ രജിനികാന്തും 2024-ലാണ് നിയമപരമായി വേർപിരിഞ്ഞത്. അതിന് മുൻപ് തന്നെ ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ജയം രവിയും ആരതി രവിയും വേർപിരിയലിന്റെ പാതയിലാണെന്ന വാർത്തകളും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

