തെന്നിന്ത്യയിലെ മാതൃക ദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ദാമ്പത്യ ജീവിതത്തിന് ഇരുപത് വയസ് പൂർത്തിയായി.
സെറ്റില്‍ വെച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത ഇരുവരും തങ്ങളുടെ ഇരുപതാം വാർഷികം പാശ്ചാത്യ ശൈലിയിലുള്ള വിവാഹ വാഗ്ദാന പുതുക്കല്‍ ചടങ്ങിലൂടെയാണ് മനോഹരമായി ആഘോഷിച്ചത്. വിദേശത്ത് വെച്ച് നടന്ന ചർച്ച് വെഡ്ഡിങ് വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
മക്കളായ ദിയയും ദേവവുമായിരുന്നു ഈ മനോഹരമായ ചടങ്ങിന് സാക്ഷികളായത്. മകളുടെ കൈപിടിച്ച് സൂര്യയും, മകൻ ദേവിന്റെ കൈപിടിച്ച് ജ്യോതികയും വേദിയിലേക്ക് എത്തിയത് ഏറെ ശ്രദ്ധ നേടി. വെളുത്ത ഗൗണില്‍ വധുവായി എത്തിയ ജ്യോതികയെ കണ്ടുനിറഞ്ഞ കണ്ണുകളോടെയാണ് സൂര്യ സ്വീകരിച്ചത്. കറുത്ത പാന്റും വെളുത്ത കോട്ടുമായിരുന്നു സൂര്യയുടെ വേഷം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തങ്ങളുടെ 20 വർഷത്തെ പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും ഓർമ്മിച്ചുകൊണ്ട് ജ്യോതിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഏറെ വൈകാരികമാണ്. ഇതൊരു പരിപൂർണ്ണ വിവാഹത്തിന്റെ ആഘോഷമല്ലെന്നും, അപൂർണതകളും വിട്ടുവീഴ്ചകളും പരസ്പര മനസിലാക്കലുകളും നിറഞ്ഞ തങ്ങളുടെ യാത്രയുടെ ആഘോഷമാണെന്നും താരം കുറിച്ചു. ജീവിതകാലം മുഴുവൻ ഒന്നിച്ചുണ്ടാകുമെന്നുള്ള മനോഹരമായ വാഗ്ദാനങ്ങളും ജ്യോതിക കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
തങ്ങളുടെ മക്കളായ ദിയയുടെയും ദേവിന്റെയും സാന്നിധ്യത്തില്‍ നടന്ന ഈ വിദേശ വെഡ്ഡിങ് വുഡ് റിന്യൂവല്‍ ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രിയതാരങ്ങള്‍ക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരുമാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.
