നാദാപുരം:2026-ലെ എവിസി പുരുഷ വോളിബോള്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വെങ്കല മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യൻ ടീം അംഗം നിഹാല്‍ സി.കെ.ക്ക് ഇന്ന് ഉജ്ജ്വല സ്വീകരണം നല്‍കും.
പറമ്പത്ത് കനാല്‍പാലം വരിക്കോളിയില്‍ വൈകുന്നേരം 5 മണിക്കാണ് സ്വീകരണം. ഉച്ചയ്ക്ക് 2 മണിക്ക് പേരോട് എ.പി. മസ്ജിദിന് സമീപത്തുനിന്ന് ആരംഭിക്കുന്ന സ്വീകരണ റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ചീഫ് മെറിൻ ജോസഫ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും. നൗഷിക് കുറ്റിയില്‍ സ്വാഗതം ആശംസിക്കും. ലത്തീഫ് പുതിയെടുത്ത് അധ്യക്ഷത വഹിക്കും.ചടങ്ങില്‍ 'ഓപ്പറേഷൻ തൂഫാൻ' ബോധവല്‍ക്കരണ പരിപാടിയും നടക്കും. കോഴിക്കോട് റൂറല്‍ നർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ഉത്തം ദാസ് ടി. ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കും.
നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പി നരിക്കാട്ടേരി, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ, നാദാപുരം വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി. അബ്ദുല്‍ ജലീല്‍, അലിമത്ത് എൻ.കെ., വാർഡ് മെമ്പർമാരായ സ്നേഹ ടീച്ചർ, പി. നാണു തുടങ്ങിയവർ ആശംസകള്‍ അർപ്പിക്കും.
റംഷാദ് പുത്തലത്ത് നന്ദി രേഖപ്പെടുത്തും. രാത്രി 7.30-ന് ഗസല്‍ നൈറ്റോടെ പരിപാടികള്‍ക്ക് സമാപനമാകും.
Content Highlight: Reception for Nihal, the 2026 AVC Men's Volleyball bronze medalist.
####

