നാദാപുരം: സംസ്ഥാനപാതയിലെ കക്കംവള്ളിയില്‍ ഓവുചാലില്‍ വൻതോതില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തിച്ച ഹോട്ടല്‍ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഓവുചാലില്‍ മാലിന്യം നിറഞ്ഞതോടെ വെള്ളം കെട്ടിക്കിടക്കുകയും, തുടർന്ന് മലിനജലം കക്കംവള്ളിയിലെ പ്രധാന റോഡിലേക്ക് പരന്നൊഴുകുകയുമായിരുന്നു.
ഇത് പ്രദേശമാകെ അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനും ജനജീവിതം ദുസ്സഹമാകുന്നതിനും ഇടയാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വാർഡ് മെമ്പർമാരായ കണക്കല്‍ അബ്ബാസ്, പി. മുനീർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം റോഡിലേക്ക് മാലിന്യം ഒഴുക്കിവിട്ടവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും, ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് എം.കെ. സഫീറ അറിയിച്ചു.
Content Highlight: Hotel dumps waste in Nadapuram drain
###

