അരൂർ: പെരുമുണ്ടച്ചേരി മേഖലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ മുൻനിരയില്‍ പ്രവർത്തിച്ചിരുന്ന പിരയിൻകാട് കന്നിലെ തിരുവാണ്ടി കണിക്കണ്ണൻ നായരുടെ പതിനൊന്നാമത് ചരമവാർഷിക ദിനം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരവോടെ ആചരിച്ചു.
ചടങ്ങിന്റെ ഭാഗമായി പാർട്ടി പ്രവർത്തകരും പരേതന്റെ ബന്ധുക്കളും അയല്‍വാസികളും ഒത്തുചേർന്ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി പ്രണാമം അർപ്പിച്ചു. തുടർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനം ചെയ്തു.
കോടികണ്ടി പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം പി.എം. നാണു, റീത്ത കണ്ടോത്ത്, എം.കെ. ശശി, ശശി കണ്ടോത്ത്, വി.കെ. സുരേഷ്, സി.പി. അശ്രു, കെ. വേണുഗോപാല്‍ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Content Highlight: Thiruvandi Kanikannan Nair's death anniversary observed
####

