Wednesday, 08 Nov, 9.45 am Narada News

സ്പോര്‍ട്സ്
ഐ ലീഗ് ആവര്‍ത്തിക്കാന്‍ ബെംഗളൂരു; മഞ്ഞപ്പടയ്ക്ക് ഭീഷണിയായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്

ബെംഗളൂരു എഫ്സി ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലേക്ക് വരുന്നത് തന്നെ ഐ ലീഗ് കിരീടം നേടിക്കൊണ്ടാണ്. 2013ല്‍ രൂപീകരിക്കപ്പെട്ട ടീം ആ വര്‍ഷത്തെ ഐ ലീഗ് ചാമ്ബ്യന്മാരായി. ഐ ലീഗിലെ മറ്റു ക്ലബുകള്‍ പോലെയല്ല ബെംഗളൂരു എഫ്സിയുടെ ഘടന. യൂറോപ്യന്‍ ക്ലബുകളുടെ പ്രൊഫഷണലിസവും കുറ്റമറ്റ ഗ്രാസ് റൂട്ട് ഡെവലപ്മെന്റ് സിസ്റ്റവുമൊക്കെയായി ബെംഗളൂരു എഫ്സി ഇന്ത്യയിലെ മറ്റു ക്ലബ്ബുകളെക്കാള്‍ ബഹുദൂരം മുന്നില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഏപ്രില്‍ 2014 ല്‍ ക്ലബ്ബ് യുവ ഫുട്ബോള്‍ പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യം വെച്ച്‌ നഗരത്തില്‍ ബിഎഫ്സി സോക്കര്‍ സ്കൂള്‍ തുടങ്ങിയ ബെംഗളൂരു എഫ്സിയാണ് ഇന്ത്യയില്‍ ഗ്രാസ് റൂട്ട് ഡെവലപ്മെന്റിന് തുടക്കം കുറിച്ചത്. ഐ ലീഗില്‍ തൊട്ടടുത്ത വര്‍ഷം രണ്ടാം സ്ഥാനം നേടിയ ബെംഗളൂരു എഫ്സി മൂന്നാം തവണ കിരീടം തിരിച്ച്‌ പിടിച്ചു. ഐ ലീഗിന്റെ ചരിത്രത്തില്‍ ഇത്ര സ്ഥിരതയുള്ള ഒരു പുതുമുഖ ടീം ഉണ്ടായിട്ടില്ല. നാല് സീസണുകളിലെ ഐ ലീഗ് പങ്കാളിത്തത്തിനു ശേഷമാണ് അഞ്ചാം വര്‍ഷം ക്ലബ് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറുള്ള ഫുട്ബോള്‍ ലീഗായ ഐഎസ്‌എല്ലില്‍ ഹരിശ്രീ കുറിക്കാനൊരുങ്ങുന്നത്.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ബ്ലാക്ക്ബേണ്‍ റോവേഴ്സ് അസിസ്റ്റന്റ് മാനേജരുമായിരുന്ന ആഷ്ലി വെസ്റ്റ്വുഡിനെ മുഖ്യ പരിശീലകനാക്കി നിയമിക്കുമ്ബോള്‍ ടീം ഉടമകളായ ജെഎസ്ഡബ്ള്യു ഗ്രൂപ്പ് ഐ ലീഗിലെ കൊതിപ്പിക്കുന്ന ഈ പ്രയാണം സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അന്താരാഷ്ട്ര മത്സര പരിചയവും ബ്ളാക്ക്ബേണ്‍ പോലെയൊരു യൂറോപ്യന്‍ മുന്‍നിര ക്ലബിലെ അസിസ്റ്റന്റ് മാനേജര്‍ റോളും ആഷ്ലിയെ ഒരു മികച്ച പരിശീലകനാക്കി മാറ്റിയിരുന്നു.

അധികം അറിയപ്പെടാത്ത യൂറോപ്യന്‍ കളിക്കാരെ ടീമിലെത്തിച്ച വെസ്റ്റ്വുഡ് ബൈച്ചുങ് ബൂട്ടിയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരനായ സുനില്‍ ഛേത്രിയെയും റാഞ്ചി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ ബെംഗളൂരു എഫ്സി ഐ ലീഗില്‍ വ്യക്തമായ ആധിപത്യം കാത്തു സൂക്ഷിച്ചു. രണ്ട് കിരീടങ്ങളും ഒരു രണ്ടാം സ്ഥാനവുമായി ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ പവര്‍ ഹൗസായി ബെംഗളൂരു മാറി. മൂന്ന് സീസണുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ക്ലബും കോച്ചും പരസ്പരധാരണയോടെ വേര്‍പിരിഞ്ഞു. മുന്‍ ബാഴ്സലോണ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക പരിശീലക കുപ്പായമണിഞ്ഞ് ബെംഗളൂരുവിലേക്ക് വിമാനം കയറി. പക്ഷെ, വെസ്റ്റ്വുഡ് വിട്ടിട്ടു പോയ പാരമ്ബര്യം തുടരാന്‍ തന്റെ ആദ്യ സീസണില്‍ റോക്കയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി ഐ ലീഗ് യാത്ര അവസാനിപ്പിച്ചത്.

കേരളാ ബ്ളാസ്റ്റേഴ്സിന്റെ മത്സരങ്ങളിലെല്ലാം പന്ത്രണ്ടാമനായി കളിക്കുന്ന കാണികളാണ് ബെംഗളുരുവിന്റെയും ശക്തി. മത്സരങ്ങള്‍ക്കെല്ലാം ടീമിനോടൊപ്പം സഞ്ചരിക്കുന്ന കാണികള്‍ സ്റ്റേഡിയത്തില്‍ നീലക്കടല്‍ തീര്‍ക്കുമ്ബോള്‍ എതിരാളികള്‍ സമ്മര്‍ദ്ദത്തിലാകും. ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യയും മക്കാവുവും തമ്മിലുള്ള ഏഷ്യ കപ്പ് മത്സരം നടക്കുന്നു. സ്റ്റേഡിയത്തില്‍ ഏറിയ പങ്കും ബെംഗളൂരു എഫ്സി ആരാധകരാണ്. മക്കാവു പോസ്റ്റിലേക്കുള്ള ഇന്ത്യന്‍ മുന്നേറ്റത്തിനിടെ സുനില്‍ ഛേത്രിയ്ക്കെതിരെ റഫറി ഓഫ് സൈഡ് വിധിച്ചു. തീരുമാനത്തില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് സ്റ്റേഡിയത്തിന്റെ വെസ്റ്റ് ബ്ലോക്ക് എയില്‍ നിന്ന് റഫറിക്കെതിരെയുള്ള മുദ്രാവാക്യം ഉയര്‍ന്നു.

നീലക്കുപ്പയമണിഞ്ഞ നൂറുകണക്കിന് ആരാധകരുടെ മുറവിളി കണ്ഠീരവ സ്റ്റേഡിയത്തിലെങ്ങും അലയടിച്ചു. ബെംഗളൂരു എഫ്സിയുടെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസാണ് തൊണ്ടപൊട്ടി ഇന്ത്യക്കായി അലറിവിളിച്ചത്. ബെംഗളുരു എഫ്സിയുടെ പന്ത്രണ്ടാമന്‍ എന്ന് കളിക്കാരും പരിശീലകനും വിശേഷിപ്പിച്ച ആരാധക സംഘം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്ക് എയില്‍ ഇരുന്ന് കളി കണ്ടവരാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ബാനര്‍ എന്ന റെക്കോര്‍ഡ് ഏറെക്കാലം വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് സ്വന്തമായിരുന്നു.

സൂപ്പര്‍ ലീഗിന് പന്തുരുളും മുന്‍പേ കേരളാ ബ്ളാസ്റ്റേഴ്സിന്റെ മുഖ്യ എതിരാളിയായി ബെംഗളുരു എഫ്സി മാറിയത് ഇക്കഴിഞ്ഞ എഎഫ്സി കപ്പ് ചാമ്ബ്യന്‍ഷിപ്പിലാണ്. എഎഫ്സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനലിനിടെ ബംഗളൂരു എഫ് സി താരങ്ങളായിരുന്ന റിനോ ആന്റോയും സി കെ വിനീതും സ്റ്റേഡിയത്തിലിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനെ അസഭ്യം പറഞ്ഞതോടെയാണ് മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ശത്രുക്കളായാത്. ബെംഗളൂരു എഫ്സി ഐഎസ്‌എല്ലില്‍ അരങ്ങേറ്റം കുറിക്കും മുന്‍പേ കേരളാ ബ്ളാസ്റ്റേഴ്‍സിന് ശത്രുക്കളായി മാറിക്കഴിഞ്ഞു. ശ്രീ കണ്ഠീരവയില്‍ ബെംഗളൂരുവിനെതിരെയുള്ള പോരാട്ടം നടക്കുമ്ബോള്‍ സ്റ്റേഡിയം മുഴുവന്‍ മഞ്ഞക്കടലാക്കും എന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട വെല്ലുവിളിച്ചിട്ടുണ്ട്.

സന്തുലിതമായ ടീമാണ് ബെംഗളൂരു എഫ്സിയുടേത്. ബെഞ്ച് വാമിംഗിന് മാത്രമായിട്ടുള്ള താരങ്ങളാരും ടീമിലില്ല. സ്പാനിഷ് ക്ളബുകളായ വലന്‍സിയ, ഗെറ്റാഫെ, റയോ വല്ലേക്കാനോ എന്നിവകളിലൂടെ ഫുട്ബോള്‍ കരിയര്‍ കെട്ടിപ്പടുത്ത മിക്കുവാണ് ബെംഗളൂരു എഫ്സിയുടെ പ്രധാന സ്ട്രൈക്കര്‍. വെനിസ്വേലക്കാരനായ മിക്കു കഴിഞ്ഞ വര്‍ഷത്തെ ലാ ലീഗ സീസണിലെ ബെസ്റ്റ് പ്ലയെര്‍ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍ ബാഴ്സലോണ മാനേജരായിരുന്ന ആല്‍ബര്‍ട്ട് റോക്ക സ്പാനിഷ് ക്ളബുകളെക്കുറിച്ചും കളിക്കാരെക്കുറിച്ചും നന്നായി അറിവുള്ളയാളാണ്. അത് കൊണ്ട് തന്നെ മിക്കു ബെംഗളുരു മുന്നേറ്റ നിരയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.

മിക്കുവിനോടൊപ്പം മുന്നേറ്റ നിരയില്‍ ബൂട്ട് കെട്ടുന്ന മറ്റൊരു താരമാണ് സുനില്‍ ഛേത്രി. നിലവില്‍ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഫുട്ബോളറാണ് ഛേത്രി. 2002ല്‍ മോഹന്‍ ബഗാനിലൂടെ കളി തുടങ്ങിയ ഛേത്രി ഈസ്റ്റ് ബംഗാള്‍, ഡെംപോ, ചിരാഗ് യുണൈറ്റഡ് വിദേശ ക്ളബുകളായ കന്‍സാസ് സിറ്റി, സ്പോര്‍ട്ടിംഗ്, ചര്‍ച്ചില്‍ യുണൈറ്റഡ് എന്നിവകളിലൊക്കെ കളിച്ചിട്ടുണ്ട്. ബൈച്ചുങ് ബൂട്ടിയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കറായ ഛേത്രി കഴിഞ്ഞ രണ്ട് ഐഎസ്‌എല്‍ സീസണുകളില്‍ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററുമായ ഛേത്രി മറ്റു ടീമുകള്‍ക്ക് തലവേദനയാകുമെന്നുറപ്പ്.

ഛേത്രിയ്ക്കും മിക്കുവിനുമൊപ്പം മുന്നേറ്റ നിരയില്‍ എഐഎഫ്‌എഫ് എലൈറ്റ് അക്കാദമിയുടെ സൃഷ്ടിയായ ഡാനിയാലും ഉഡന്റാ സിംഗും ബൂട്ടണിയും. ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകളിലൂടെ വളര്‍ന്നു വന്ന ഡാനിയല്‍ നാളത്തെ താരമായാണ് അറിയപ്പെടുന്നത്. ആക്രമണത്തിനും ക്രിയാത്മകതയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുത്തിട്ടുള്ള ബെംഗളുരുവിന്റെ മുന്നേറ്റ നിരക്കെതിരെ മറ്റു ടീമുകള്‍ സ്വീകരിച്ചിട്ടുള്ള സ്ട്രാറ്റജി എന്ത് തന്നെയായാലും അത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുമെന്നുറപ്പ്.

ഇന്ത്യന്‍ ദേശീയ താരമായ ലെന്നി റോഡ്രിഗസാണ് ബെംഗളുരു എഫ്സിയുടെ മധ്യനിരയിലെ പ്രധാന താരം. ചര്‍ച്ചില്‍ ബ്രദേഴ്സിലൂടെ കളി തുടങ്ങിയ ലെന്നിയെ പൂനെ സിറ്റി എഫ്സിയില്‍ നിന്നാണ് ബെംഗളുരുവിലെത്തുന്നത്. ലെന്നിയോടെയൊപ്പം ബാഴ്സലോണ ബി ടീം അടക്കമുള്ള ലാ ലീഗ രണ്ടാം നിര ടീമുകളില്‍ കളിച്ച പരിചയസമ്ബത്തുമായി ഡിമാസ് ഡെല്‍ഗാഡോ, കഴിഞ്ഞ സീസണില്‍ മുംബൈ എഫ്സിയുടെ ജേഴ്സിയില്‍ കളിക്കളത്തിലിറങ്ങിയ ബോയ്താങ്ങ്, ടാറ്റ ഫുട്ബോള്‍ അക്കാദമി താരം ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ചേരുമ്ബോള്‍ ബെംഗളുരു മധ്യനിര മോശമല്ലാത്ത ഒന്നാകുന്നു. മധ്യനിരയിലെ ഈ ദൗര്‍ബല്യം മറി കടക്കാന്‍ കഴിവുള്ള മുന്നേറ്റ നിരയുള്ളതു കൊണ്ട് തന്നെ റോക്കയ്ക്ക് ആശങ്കപ്പെടാനൊന്നുമില്ല.

രാഹുല്‍ ഭേക്കെ, കോളിന്‍, എന്നീ ഇന്ത്യന്‍ താരങ്ങളോടൊപ്പം യുവാന്‍, ജോണ്‍ ജോണ്‍സണ്‍ എന്നീ വിദേശികളുമടങ്ങുന്ന പ്രതിരോധ നിരയിലും ഭയാശങ്കകളൊന്നുമില്ല. ക്രോസ് ബാറിന് കീഴില്‍ കഴിഞ്ഞ സീസണിലെ ചെന്നൈയിന്‍ എഫ്സി താരം അഭ്ര മൊണ്ടാല്‍ അണി നിരക്കും. ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യയുടെ ഫുട്ബോള്‍ ഭൂപടത്തില്‍ പുതിയ പേരെഴുതിച്ചേര്‍ത്ത ബെംഗളുരു എഫ്സി ഐഎസ്‌എല്‍ അരങ്ങേറ്റത്തിലും ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് മാത്രമല്ല, കാണികള്‍ക്കും വെല്ലുവിളിയുയര്‍ത്താന്‍ ബെംഗളുരു എഫ്സിക്ക് കഴിയുമെന്ന് സാരം.

Dailyhunt
Top