ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 21കാരിയായ യുവതി സ്വന്തം വീട്ടില്‍ കുത്തേറ്റു മരിച്ചു. പ്രതി യുവതിയുടെ ജിം ട്രെയിനറാണെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥിനിയും മോഡലുമായ മുസ്‌കാൻ എന്ന യുവതിയാണ് പടിഞ്ഞാറൻ ഡല്‍ഹിയിലെ തിലക് നഗറിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള തന്റെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്.
പ്രതിയായ ഇമ്രാൻ യുവതിയെ കത്തിയുപയോഗിച്ച് ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മുസ്‌കാൻ നിലവിളിക്കുന്നത് കേട്ട് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് അവർ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.
മുസ്‌കാനും ഇമ്രാനും തമ്മില്‍ ഒന്നര വർഷത്തോളമായി പരിചയമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ഇമ്രാൻ മുസ്‌കാനെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കളും നാട്ടുകാരും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

