തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തിനുശേഷം അംഗത്വം പുതുക്കിനല്‍കി സിപിഎം.
നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായതോടെ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം നല്‍കിയത്.
ഈ ആവശ്യവുമായി നാലുതവണയാണ് ബിനീഷ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നത്. എന്നാല്‍ അപ്പോഴെല്ലാം അപേക്ഷ നിരസിക്കുന്ന നിലപാടാണ് സിപിഎം എടുത്തിരുന്നത്.
ഇത് വലിയ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ലഹരിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന്, 2023-ല്‍ കേസില്‍ നിന്നും പൂർണമായും കുറ്റവിമുക്തനായി. എന്നാല്‍ അതിനുശേഷവും പാർട്ടി അംഗത്വം പുതുക്കിനല്‍കാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനല്‍കാതിരുന്നത്.
ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ നല്‍കിയത്. എന്നിട്ടും സംസ്ഥാന നേതൃത്വം ഈ അപേക്ഷ പരിഗണിച്ചിരുന്നില്ല. ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാർട്ടി സെക്രട്ടറിയില്‍ നിന്നും കിട്ടിയിരുന്നത്. മൂന്നുവർഷങ്ങള്‍ക്ക് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കിനല്‍കാൻ ഇപ്പോള്‍ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

