താര സംഘടന 'അമ്മ'യില്‍ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. സമൂഹമാധ്യമത്തില്‍ പോസ്റ്റുചെയ്ത സംയുക്ത പ്രസ്താവനയിലാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.
സംഘടനയിലെ പുരുഷാധിപത്യവും അധികാരമോഹവുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും നടിമാർ തുറന്നടിച്ചു. തങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ലെന്നും ഇരുവരും പ്രസ്‌താവനയില്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം സംഘടനയിലുണ്ടായ മാറ്റങ്ങള്‍ നാടകമായിരുന്നുവെന്ന സൂചനയും താരങ്ങള്‍ നല്‍കുന്നുണ്ട്.
സംയുക്ത പ്രസ്താവനയുടെ പൂർണരൂപം
ഇന്ന് ഞങ്ങള്‍ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുകയാണ്. ഇത് എഎംഎംഎയില്‍ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവർത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീട് എന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങള്‍ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്. എഎംഎംഎ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തില്‍ അത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര പ്രവർത്തനങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുക്തമായ തൊഴില്‍മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു. തിയേറ്ററുകളില്‍ കാണാം.

