Dailyhunt
'അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,'; രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ പാര്‍വതി തിരുവോത്ത്

'അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,'; രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ പാര്‍വതി തിരുവോത്ത്

Nattuvartha 5 days ago

യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകൻ ര‍ഞ്ജിത് ബാലകൃഷ്ണൻ അറസ്റ്റിലായതില്‍ പ്രതികരിച്ച്‌ നടി പാർവതി തിരുവോത്ത്.

രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാർവതി പറഞ്ഞു. ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

"മുൻപ് ചെയ്ത തെറ്റുകള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയില്‍ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,"- പാർവതി പറഞ്ഞു.

"മറ്റൊരു സാഹചര്യത്തില്‍ കരീന കപൂർ പറഞ്ഞ thak gayi mei (ഞാൻ മടുത്തുപോയി) എന്ന വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം... ഇതിനിടയില്‍ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച്‌ നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു'-പാർവതി പറഞ്ഞു.

ശിക്ഷ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വെറും 'പെർഫോമൻസ്' മാത്രമാണെന്നും പാർവതി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോള്‍ എന്തിനാണ് സ്ത്രീകള്‍ പരാതി നല്‍കാൻ വൈകിയത് എന്ന് ചോദിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല. പരാതി നല്‍കുന്ന നിമിഷം സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ലെന്നും താരം ഓർമ്മിപ്പിച്ചു.

അമ്മ എന്ന സംഘടനയെപ്പോലെ ഡബ്ല്യു.സി.സിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങള്‍ക്കായി തങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. സിനിമാ സെറ്റുകളില്‍ ഐ.സി.സി (ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) അത്യാവശ്യമാണെന്ന് വരുന്നത് ഒരു സാധാരണ കാര്യമായി മാറ്റാൻ തങ്ങള്‍ കഠിനാധ്വാനം ചെയ്തു. റിപ്പോർട്ട് നാലര വർഷത്തോളം മൂടിവെച്ചതു കൊണ്ടാണ് കുറ്റവാളികള്‍ക്ക് ശിക്ഷയെക്കുറിച്ച്‌ ഭയമില്ലാതായതെന്നും പാർവതി കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha