Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ്.ബി.ഐ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍; സുരക്ഷാ മുന്നറിയിപ്പുമായി ബാങ്ക്

എസ്.ബി.ഐ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍; സുരക്ഷാ മുന്നറിയിപ്പുമായി ബാങ്ക്

Nattuvartha 2 days ago

ന്യൂഡല്‍ഹി: അടുത്തിടെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ജാഗ്രതാനിർദേശവും സുരക്ഷാ മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.).

സൈബർ സുരക്ഷാ ലംഘനത്തില്‍ വിവരങ്ങള്‍ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കളെ ഇമെയില്‍, വാട്ട്‌സ്‌ആപ്പ് എന്നിവ വഴി വിവരം അറിയിച്ചതായി എസ്.ബി.ഐ. വ്യക്തമാക്കി.

അതേസമയം, ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം പൂർണമായും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമായ മാർഗങ്ങള്‍ പിന്തുടരണമെന്നും ബാങ്ക് നിർദേശിച്ചു.ഒടിപി (OTP), പിൻ (PIN), പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എസ്.ബി.ഐ. മുന്നറിയിപ്പ് നല്‍കി.

സൈബറാക്രമണത്തെ തുടർന്ന് എസ്.ബി.ഐയുടെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാർക്ക് വെബില്‍ ചോർന്നിരുന്നു. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 16ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ (CERT-In) എന്നിവയില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായും എസ്.ബി.ഐ. വ്യക്തമാക്കി.ഡാർക്ക് വെബില്‍ ലഭ്യമായ ഏകദേശം 3,75,000 റെക്കോർഡുകളാണ് പ്രാഥമികമായി പരിശോധിച്ചത്. ഇതില്‍ നിന്നാണ് 3,897 ഉപഭോക്തൃ റെക്കോർഡുകള്‍ തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേരുകള്‍, മേല്‍വിലാസം, മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതി, ഇമെയില്‍ ഐഡി എന്നിവ ചോർന്ന വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.

ഇതിന് പുറമേ ബ്രാൻഡ് വിവരങ്ങള്‍, ഉപഭോക്തൃ തിരിച്ചറിയല്‍ വിവരങ്ങള്‍, വായ്പാ രേഖകള്‍ എന്നിവയും പുറത്തായിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി എസ്.ബി.ഐ. രംഗത്തെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha