ന്യൂഡല്‍ഹി: സൈബർ ആക്രമണം സ്ഥിരീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ആക്രമണത്തെ തുടർന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി ബാങ്ക് കണ്ടെത്തി.
ചോർന്ന വിവരങ്ങള്‍ ഡാർക്ക് വെബിലും ലഭ്യമാണെന്നാണ് റിപ്പോർട്ട്.പ്രാഥമിക അന്വേഷണത്തില്‍ ഉപഭോക്താക്കളുടെ പേര്, മൊബൈല്‍ നമ്പർ, ജനനതീയതി, ഇമെയില്‍ വിലാസം, വീട്ടുവിലാസം, വായ്പാ വിവരങ്ങള്‍ എന്നിവയാണ് ചോർന്നതെന്ന് എസ്ബിഐ റിപ്പോർട്ടില്‍ പറയുന്നു. 'സിരിസിയം' എന്ന പേരിലുള്ള ഹാക്കർ ഗ്രൂപ്പാണ് വിവരങ്ങള്‍ ചോർത്തിയതെന്നാണ് കണ്ടെത്തല്‍. സൈബർ സെക്യൂരിറ്റി അക്കൗണ്ടായ സൈബർപ്ലസ് 56 ആണ് വിവരചോർച്ച സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
3.75 ലക്ഷം പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോർന്നതായാണ് സൈബർപ്ലസിന്റെ അവകാശവാദം. 2,722 പിഡിഎഫ് ഫയലുകളിലെ വിവരങ്ങളും ചോർന്നതായി സൈബർപ്ലസ് പറയുന്നു. എന്നാല്‍, വിവരചോർച്ചയുടെ വ്യാപ്തി ഇപ്പോഴും കൃത്യമായി വ്യക്തമല്ല.നവംബർ അഞ്ചിന് എസ്ബിഐ രണ്ടാംപാദ സാമ്പത്തികഫലം പുറത്തുവിടാനിരിക്കെയാണ് വിവരചോർച്ച സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവരുന്നത്.

