വില്യാപ്പള്ളി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തില്‍ ബാലജനതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വർണ്ണപ്പകിട്ടാർന്ന സാംസ്കാരിക ഘോഷയാത്രയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ ഒതയോത്ത് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും ഗാന്ധിജയന്തി സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വിപുലമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്. കളരിപ്പയറ്റ്, നാടകം, വിവിധയിനം പ്ലോട്ടുകള്‍, ശിങ്കാരിമേളം, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് വർണ്ണപ്പകിട്ടേകും.
വിവിധ കലാ-സാംസ്കാരിക പരിപാടികളോടൊപ്പം കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിപുലമായ രീതിയിലാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ വില്യാപ്പള്ളിയില്‍ ശ്രദ്ധേയമായ ജനകീയ സാംസ്കാരിക സംഗമമായി പരിപാടിയെ മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുണ്ടോളി രവി അധ്യക്ഷത വഹിച്ചു. ആയാടത്തില്‍ രവീന്ദ്രൻ, മലയില്‍ ബാലകൃഷ്ണൻ എം.ടി.കെ. സുരേഷ്, പി.കെ. പവിത്രൻ, നാണു, ഇ.എം. രമേശൻ, പി.പി.ശ്രീജിത്ത് കെ കെ സ്നേഹില്‍ ശശി, ഒ.എം. സിന്ധു, ദേവദത്ത്, സച്ചിൻ വില്യാപ്പള്ളി എന്നിവർ പങ്കെടുത്തു.

