ഗംഗ നദിയില്‍ മലയാളി ഡോക്ടറെ കാണാതായി. തീർത്ഥാടനത്തിന്റെ ഭാഗമായി സ്നാനം ചെയ്യാൻ പോയ ശാസ്തമംഗലം ശ്രീരാമ കൃഷ്ണാ ആശുപത്രിയിലെ ഡോക്ടറായ മുട്ടട ജി.വി.ആർ.എ 35ല്‍ ഡോ.
മോഹൻകൃഷ്ണനാണ് അപകടത്തില്‍പ്പെട്ടത്. തെരച്ചില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം മോഹൻകൃഷ്ണൻ വാരാണസിയിലെത്തിയത്. ഭാര്യ നളിനി കുമാരി, മകൻ അർജുൻ, മരുമകള്‍ മായ, പേരക്കുട്ടി കാശിനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.ഭാര്യയുടെയും മകന്റെയും കൈപിടിച്ച് മൂവരും ഒരുമിച്ചാണ് സ്നാനത്തിനിറങ്ങിയത്. അടിയൊഴുക്കുള്ള ഭാഗമായതിനാല്‍ മൂവരും ഒഴുക്കില്‍പ്പെട്ടെങ്കിലും നളിനി കുമാരിയെയും മകനെയും രക്ഷിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം തെരച്ചില്‍ പുരോഗമിക്കുന്നു. ഡോ. മോഹൻകൃഷ്ണൻ മെഡിക്കല്‍ കോളേജിലെ റിട്ട. ഡോക്ടറും കണ്ണമ്മൂല ശ്രീനാരായണ ക്ലബ് അംഗവുമാണ്.

