ടെഹ്റാൻ/വാഷിങ്ടണ്‍: ഒരിടവേളയ്ക്കുശേഷം വീണ്ടും സമ്പൂർണ്ണ യുദ്ധത്തിലേക്ക് മടങ്ങിയേക്കുമെന്ന ആശങ്കകള്‍ക്കിടെ ഹോർമുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം.
കഴിഞ്ഞ രാത്രി മൈനുകളില്‍ തട്ടിയോ ആക്രമണത്തിലോ ആയി ഏഴ് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. സമീപ ദിവസങ്ങളില്‍ ഹോർമുസ് കടലിടുക്കില്‍ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന തോതിലുള്ള പിരിമുറുക്കമാണിത്.
21 ഇന്ത്യൻ ജീവനക്കാരുള്ള കപ്പലും സംഭവത്തില്‍ ഉള്‍പ്പെട്ടു. കുവൈത്ത് പതാകയുള്ള 'എം/ടി അല്‍ ദസ്മ' എന്ന എണ്ണ ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ചതായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാള്‍ എക്സിലൂടെ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യൻ നാവികരും മറ്റ് ജീവനക്കാരും പൂർണമായും സുരക്ഷിതരാണെന്നും മന്ത്രി വ്യക്തമാക്കി. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കപ്പല്‍ മാനേജ്മെന്റ് കമ്പനിയുമായി നിരന്തര സമ്പർക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഹോർമുസിലെ പുതിയ സംഭവവികാസങ്ങള്‍. ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടാൻ സാധ്യതയുള്ള ഇസ്രായേലിലെ നിർണായക തിരഞ്ഞെടുപ്പിനും അടുത്ത മാസത്തെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിനും മുന്നോടിയായി യുദ്ധം പുനരാരംഭിച്ചേക്കുമെന്നാണ് ആശങ്ക.ഹോർമുസ് കടലിടുക്കിലൂടെ മുന്നറിയിപ്പ് അവഗണിച്ച് വാണിജ്യക്കപ്പലുകള്‍ കടത്തിവിടുന്നത് യു.എസ് തുടർന്നാല്‍ മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.
നവംബർ മൂന്നിലെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനില്‍ വീണ്ടും സൈനികാക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.ചെറുതെങ്കിലും തീവ്രമായ സൈനിക നീക്കത്തിന് മുന്നോടിയായി അമേരിക്കയും ഇസ്രായേലും സൈനികാഭ്യാസങ്ങള്‍ ശക്തമാക്കിയതായും റിപ്പോർട്ടില്‍ പറയുന്നു. ഇറാന്റെ പടിഞ്ഞാറൻ അയല്‍രാജ്യമായ ഇറാഖിന് മുകളിലൂടെയുള്ള വ്യോമാക്രമണ പരിശീലനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ട്.ഇറാന്റെ ഊർജകേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, മിസൈല്‍-ഡ്രോണ്‍ ശേഖരങ്ങള്‍ എന്നിവ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിലൂടെ നയതന്ത്രപരമായ വിട്ടുവീഴ്ചകള്‍ക്ക് അവരെ നിർബന്ധിതരാക്കാൻ മറ്റൊരു വലിയ ആക്രമണ പരമ്പരയ്ക്ക് കഴിയുമെന്ന് യു.എസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

