ബംഗളുരു : കുടകില്‍ ട്രക്കിംഗിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യ കൊടുംകാട്ടില്‍ കഴിഞ്ഞത് നാലുദിവസം. നാലാം ദിനമാണ് പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തെരച്ചിലിന് ഒടുവില്‍ ശരണ്യയെ കണ്ടെത്തിയത്.
കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയണ്ടമോള്‍ മലയിലേക്കായിരുന്നു ശരണ്യ ട്രക്കിംഗ് നടത്തിയത്. ഏപ്രില്‍ 2ന് യവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയില്‍ താമസിച്ചാണ് ട്രക്കിംഗിന് പോയിരുന്നത്. കാട്ടാനകളുടെ സാന്നിദ്ധ്യം കാരണം വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘത്തോടൊപ്പം പോകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ കാണാതാകുകയായിരുന്നു.
ട്രക്കിംഗിന് പോയ സംഘത്തിലെ മറ്റെല്ലാവരും വൈകിട്ട് തിരികെ എത്തിയെങ്കിലും ശരണ്യയെ കണ്ടെത്താനായില്ല. താൻ വഴി തെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചതിന് ശേഷം ഫോണ്‍ സിച്ച് ഓഫായി.ഒരു കുപ്പി വെള്ളം മാത്രമാണ് കൈയില്‍ ഉണ്ടായിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ ഡ്രോണ്‍ ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.നാലുദിവസം വെള്ളം മാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെയാണ് പുറത്തേക്കുവന്നത്. വർഷങ്ങളായുള്ള ട്രക്കിങ് പരിചയവും മനോബലവും തിരിച്ചുവരവിനുള്ള കരുത്തായി.

