ന്യൂഡല്‍ഹി: വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജാമിഅ മില്ലിയ സർവകലാശാലയില്‍ വിദ്യാർഥികളുടെ സമരം ശക്തമാകുന്നു.
അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ വിദ്യാർഥികള്‍ പുനഃസ്ഥാപിച്ചു. മുദ്രാവാക്യം വിളികളുമായി ക്യാമ്പസില്‍ നിലയുറപ്പിച്ച വിദ്യാർഥികള്‍ ദേശീയപതാക ഉയർത്തി. സമരപ്പന്തല്‍ പൊളിക്കാനും നിരാഹാരം കിടക്കുന്ന വിദ്യാർഥികളെ സ്ഥലത്തുനിന്ന് നീക്കാനും നേരത്തെ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിരുന്നു.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി ക്യാമ്പസിനകത്ത് സമരപ്പന്തല്‍ കെട്ടി വിദ്യാർഥികള്‍ പ്രതിഷേധിച്ചുവരികയാണ്. ഇതിനിടെ ചില വിദ്യാർഥികള്‍ നിരാഹാര സമരവും നടത്തി. സമരപ്പന്തല്‍ പൊളിച്ചുമാറ്റാനും നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ സ്ഥലത്തുനിന്ന് നീക്കാനുമായി സർവകലാശാല ഗാർഡുകള്‍ കൂട്ടമായെത്തിയത് നേരിയ സംഘർഷത്തിനും കാരണമായി.
ക്യാമ്പസില്‍ നിന്ന് വിദ്യാർഥികളെ പൂർണമായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സർവകലാശാല ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദ്യാർഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്നും ക്ലാസുകള്‍ ഓണ്‍ലൈൻ വഴി മാത്രമായിരിക്കുമെന്നും അധികൃതർ നിർദേശിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധവേദിയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകളും സമരത്തിലുള്ള വിദ്യാർഥികളും.
സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ എംപിമാരും നേതാക്കളും ക്യാമ്പസിലെത്തിയിരുന്നെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. നിലവില്‍ പൊലീസ് ക്യാമ്പസിന് പുറത്ത് വലിയ സന്നാഹത്തോടെ നിലയുറപ്പിച്ചിട്ടുണ്ട്.
ചർച്ചയ്ക്കെന്ന പേരില്‍ എത്തിയ അധ്യാപകർ സമരപ്പന്തല്‍ പൊളിച്ചുനീക്കാൻ ശ്രമിച്ചെന്നും സുരക്ഷാ ജീവനക്കാരും യൂണിഫോം ഇല്ലാത്തവരും വിദ്യാർഥികളെ ആക്രമിച്ചെന്നും നിരാഹാര സമരം നടത്തിയിരുന്ന മലയാളി വിദ്യാർഥി എബിൻ പറഞ്ഞു. ജാമിഅ അഡ്മിനിസ്ട്രേഷൻ ക്യാമ്പസില്‍ അസ്ഥിരത സൃഷ്ടിച്ച് സമരം പൊളിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഏത് നിമിഷവും പൊലീസിനെ അകത്തേക്ക് കയറ്റാനുള്ള നീക്കമാണെന്നും എബിൻ ആരോപിച്ചു.
സർവകലാശാല വിസിയുടെ അറിവോടെയാണ് പൊലീസിനെ അകത്തേക്ക് കയറ്റാനുള്ള ശ്രമം നടക്കുന്നതെന്നും വിദ്യാർഥികളെ സുരക്ഷാ ജീവനക്കാരും അധ്യാപകരും കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും എബിൻ പറഞ്ഞു. ക്യാമ്പസില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതെന്നും വിദ്യാർഥികള്‍ക്കെതിരായ നടപടികള്‍ നിയമപരമായി നേരിടുമെന്നും എബിൻ കൂട്ടിച്ചേർത്തു.

