കാനഡയില്‍ മലയാളി എം.എം.എ താരം കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 27 വയസ്സുകാരനായ ഋഷികേശ് കൊളോത്താണ് കൊല്ലപ്പെട്ടത്.
വടക്കൻ കാനഡയിലെ സസ്കാച്ചെവൻ എന്ന സ്ഥലത്തുള്ള യുറേനിയം ഖനന മേഖലയിലാണ് സംഭവം നടന്നത്. വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷനില്‍ കരാർ അടിസ്ഥാനത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഋഷികേശ്. മെയ് 8നായിരുന്നു സംഭവം നടന്നത്.
ജോലിസ്ഥലത്തുവെച്ച് കരടി ഋഷികേശിനെ മാരകമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ കരടിയെ വെടിവെച്ചു കൊന്നു. കാനഡയിലെ പ്രൊഫഷണല്‍ ഫൈറ്റിങ് ലീഗ് ആയ യു.എഫ്.സിയില്‍ മത്സരിക്കുക എന്നതായിരുന്നു ഋഷികേശിന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് സഹോദരൻ അർജുൻ പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുമ്പ് ഋഷികേശ് കാനഡയിലേക്ക് മാറിയത്.

