പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നോ കോമയിലാണെന്നോ ഉള്ള അഭ്യൂഹങ്ങള്‍ക്കിടെ കിം ജോങ് ഉൻ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ഉത്തരകൊറിയ.
ഉത്തരകൊറിയയിലെ പാദരക്ഷാ പ്രദർശന ചടങ്ങില്‍ കിം പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ പുറത്തുവിട്ടത്.ചൈന ഡെമോക്രസി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായ ആക്ടിവിസ്റ്റ് വാഞ്ജുന്‍ ഷി എക്സിലൂടെ കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവന്നത്.42-കാരനായ കിം മരിച്ചെന്നും കോമയിലാണെന്നും ചികിത്സയ്ക്കായി ബീജിങ്ങിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രങ്ങളില്‍ പാദരക്ഷാ പ്രദർശനത്തിലെ ഉത്പന്നങ്ങള്‍ പരിശോധിക്കുന്ന കിമ്മിനെയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങള്‍ നല്‍കുന്നതിനെയും കാണാം. മാനുക്വിനില്‍ പ്രദർശിപ്പിച്ച സ്ത്രീകളുടെ ഓവർകോട്ടിന്റെ ഗുണമേന്മ പരിശോധിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാഞ്ജുന്‍ ഷി എക്സിലൂടെ നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. കിം മരിച്ചെന്നും പിന്തുടർച്ചാവകാശ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ബീജിങ്ങില്‍നിന്ന് 9,000 സൈനികരെ പ്യോങ്യാങിലേക്ക് അയച്ചെന്നുമായിരുന്നു പ്രധാന ആരോപണം. കിമ്മിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബീജിങ്ങിലെ പെക്കിങ് യൂണിയൻ മെഡിക്കല്‍ കോളജില്‍നിന്ന് മെഡിക്കല്‍ സംഘത്തെ ഉത്തരകൊറിയയിലേക്ക് അയച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനിടെ കിമ്മിന്റെ സഹോദരി കിം യോ ജോങ് ഉത്തരകൊറിയയുടെ ഭരണം ഏറ്റെടുത്തെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി.കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇതാദ്യമല്ല. 2020-ലും കിം മരിച്ചെന്ന അവകാശവാദം ഉത്തരകൊറിയൻ വിമതനായ ജീ സ്യൂങ് ഹോ നടത്തിയിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കിടെ കിം മരിച്ചെന്നായിരുന്നു അന്നത്തെ അവകാശവാദം. എന്നാല്‍ അധികം വൈകാതെ കിം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ജീ സ്യൂങ് ഹോ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

