കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പേരില്‍ സിപിഎം കണ്ണൂർ ടൗണ്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് ആസ്ഥാന മന്ദിരമുണ്ടാക്കാൻ പണം പിരിച്ചതിന്റെ മറവില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുണ്ടെന്നാണ് ആരോപണം.ഓഫീസിനായി പിരിച്ച ഒരു കോടിയോളം രൂപയ്‌ക്ക് കണക്കില്ലെന്ന് പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത് രണ്ട് വർഷം മുൻപാണ്.
സംഭവം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഇ രമേശനെ സ്ഥാനത്തുനിന്നും നീക്കി.
രണ്ടംഗ കമ്മിഷൻ സംഭവം അന്വേഷിക്കും.ഇ രമേശൻ ലോക്കല്‍ കമ്മിറ്റി ഓഫീസിന് വേണ്ടി തെക്കീബസാറില്‍ 30 വർഷം പഴക്കമുള്ള വീടടക്കം നാല് സെന്റ് വസ്‌തു 70 ലക്ഷം രൂപയ്‌ക്ക് വാങ്ങി. ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റർ ചെയ്യുന്നതിന് പകരം സ്വന്തം പേരില്‍ രജിസ്റ്റർ ചെയ്യുകയും സഹോദരി സെക്രട്ടറിയായ സഹകരണബാങ്കില്‍ കെട്ടിടം ഈടുവച്ച് 30 ലക്ഷം രൂപ വായ്‌പയുമെടുത്തു. ചോദ്യം ചെയ്‌തപ്പോള്‍ കെട്ടിട നിർമ്മാണത്തിനാണ് ഇതെന്ന് അറിയിച്ചു.
പാർട്ടി അംഗങ്ങളടക്കം ആളുകളില്‍ നിന്നും സഹകരണ സംഘം ജീവനക്കാരില്‍ നിന്നും പലിശ വാഗ്ദാനം നല്‍കി രമേശൻ 20 ലക്ഷം രൂപവാങ്ങിയെന്നും പരാതിയുണ്ട്.

