കോഴിക്കോട് : ശക്തമായ മഴയും ദുരന്തസാധ്യതയും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും താല്‍ക്കാലികമായി നിർത്തിവച്ചു. വെള്ളച്ചാട്ടങ്ങള്‍, നദികള്‍, പുഴകള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കുമുള്ള പൊതുജനങ്ങളുടെ പ്രവേശനവും അടുത്ത ഉത്തരവ് വരെ നിരോധിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും രാത്രികാല ചുരം യാത്രകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. പൊതുജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ കർശനമായി പാലിക്കണമെന്നും ഭരണകൂടം അഭ്യർഥിച്ചു. :

