ജിദ്ദ: റിയാദില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി.വയനാട് സുല്‍ത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.
മൂന്ന് വര്‍ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായ ഫിലോമിന, വാര്‍ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷൻ ഫ്‌ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയില്‍ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോണ്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനു ശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

