തിരുവനന്തപുരം: മന്തിക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികള്‍ക്ക് മർദനം.
തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഇന്ന് ഉച്ചയോടെയായിരുന്നു മന്തി കഴിക്കാനെത്തിയ എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മർദനമേറ്റത്.
ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെ കടയിലെ ജീവനക്കാരുമായി കുട്ടികള്‍ വാക്കുതർക്കമുണ്ടാകുകയായിരുന്നു.ഫുള്‍ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധികം ചോറ് നല്‍കാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് വിവരം. തുടർന്ന് കടയുടമയും ജീവനക്കാരും ചേർന്ന് കുട്ടികളെ മർദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികളുടെ ബന്ധുക്കള്‍ പേട്ട പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

