കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച കേസില്‍ 22-കാരൻ പിടിയില്‍.
ആശുപത്രിയിലെ 203-ാം നമ്പർ വാർഡില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പൊതുവായി ഉപയോഗിക്കാവുന്ന ശുചിമുറിയില്‍നിന്ന് മുകളിലൂടെ തൊട്ടടുത്ത ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകർത്താനാണ് യുവാവ് ശ്രമിച്ചത്.
രോഗിയായ പിതാവിന് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു കസ്റ്റഡിയിലായ യുവാവ്. ഈസമയം ശുചിമുറിയിലുണ്ടായിരുന്ന, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ, മൊബൈല്‍ഫോണ്‍ കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

