മുംബൈ: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്.
നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴമൂലം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
മുലുണ്ടില്‍ 218.6 മില്ലിമീറ്റർ എസ് വാർഡ് ഓഫീസില്‍ 212 മില്ലിമീറ്ററും പവായിലല്‍ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയയിലെ സാന്റാക്രൂസില്‍ 216 മില്ലിമീറ്ററും അന്ധേരിയില്‍ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രക്കാർക്ക് ഗതാഗതം ദുഷ്‌കരമായതോടെ നിരവധി വാഹനങ്ങള്‍ മഴവെള്ളത്തില്‍ ഭാഗികമായി മുങ്ങി. താനെ, പല്‍ഘർ, റായ്ഗാഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

