തിരുവനന്തപുരം: മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67) അന്തരിച്ചു.
പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയില്‍ നടക്കും.രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസില്‍ ഗവേഷണം നടത്തിവരുമ്പോഴാണ് സിവില്‍ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
റവന്യൂ, വ്യവസായം, ഐ.ടി, ജലവിഭവം എന്നീ സുപ്രധാന വകുപ്പുകളില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കേരളം നേരിട്ട ദുരന്തങ്ങളായ ഓഖി ചുഴലിക്കാറ്റ്, 2018ലെ മഹാപ്രളയം എന്നിവയുടെ സമയത്ത് റവന്യൂ സെക്രട്ടറി എന്ന നിലയില്‍ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചിരുന്നു.2009 മുതല്‍ 2012 വരെ കേന്ദ്ര സർക്കാരിന് കീഴില്‍ ഇന്ത്യയുടെ 'കണ്‍ട്രോളർ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്‌സ്' ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു.

