വയനാട്: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കെ വി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദൻ ഉള്‍പ്പെടെ 56 പ്രതികളെയും വെറുതെ വിട്ടു.
കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും കോടതി കണ്ടെത്തുകയായിരുന്നു. പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഈ കേസില്‍ മറ്റുപ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി കൂട്ടിച്ചേർത്തു. വയനാട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് 23 വർഷം നീണ്ട കേസില്‍ വിധി പറഞ്ഞത്. 57 പ്രതികളുണ്ടായിരുന്ന കേസില്‍ ജീവിച്ചിരിക്കുന്ന 39 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. പ്രതികളില്‍ 15 പേർ നേരത്തെ മരിച്ചു.അതേസമയം, പൊലീസുകാരൻ അബ്ദുള്‍ സലാം വധശ്രമക്കേസിലും ശശിധരൻ എന്ന വനം വകുപ്പ് ഉദ്യേഗസ്ഥനെ മാരകമായി പരിക്കേല്പിച്ച കേസിലും ഗീതാനന്ദൻ ഉള്‍പ്പെടെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്ക് അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ, മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
2003 ഫെബ്രുവരി 19ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘർഷത്തിനെത്തുടർന്ന് കണ്ണൂർ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്‌റ്റബിള്‍ ആയിരുന്ന കെ വി വിനോദ് കൊല്ലപ്പെട്ടു. വിനോദ് ക്രൂരമായ മർദനത്തിനിരയായി ചോരവാർന്നാണ് മരിച്ചത്. ഇതിനുപുറമേ പൊലീസ് നടത്തിയ വെടിവയ്പില്‍ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.

