തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് കേരളം ഒഡീഷയെ തോല്‍പ്പിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ 179 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡീഷ രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സിന് ഓള്‍ഔട്ടായി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ മികച്ച ബൗളിങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ ഒഡീഷയുടെ ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സും ഒഡീഷ 225 റണ്‍സുമാണ് നേടിയത്. വിജയത്തോടെ കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഒഡീഷയ്ക്ക് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാൻ 77 റണ്‍സ് കൂടി വേണ്ടിയിരുന്നു. എന്നാല്‍ 42 റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമായി.10 റണ്‍സെടുത്ത നിനാദ് രഥ്വയാണ് ആദ്യം പുറത്തായത്. പിന്നാലെ 14 റണ്‍സെടുത്ത സന്ദീപ് പട്‌നായിക്കും രണ്ട് റണ്‍സെടുത്ത രാജേഷ് ധൂപ്പറും മടങ്ങി. പിന്നീട് ക്രീസിലെത്തിയവർക്കൊന്നും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല. ഇതോടെ ഒഡീഷയുടെ രണ്ടാം ഇന്നിങ്‌സ് 143 റണ്‍സില്‍ അവസാനിച്ചു.ജലജ് സക്‌സേന അഞ്ച് വിക്കറ്റും ആദിത്യ സർവാട്ടെ രണ്ട് വിക്കറ്റും വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റും വീഴ്ത്തി.

