Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണസദ്യ ഒരുക്കും മുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഓണസദ്യ ഒരുക്കും മുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Nattuvartha 1 day ago

'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. സ്വത്ത് വിറ്റിട്ടായാലും ഓണ സദ്യ വെക്കണമെന്ന ഈ പഴമൊഴി ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ആചാരം കൂടിയാണെന്ന കാര്യം വ്യക്തമാക്കുന്നു.

ഓണസ്സദ്യ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍. ഇതില്‍ പായസം രണ്ടോ അതിലധികമോ ആയി സ്ഥാനം പിടിച്ചേക്കാം.

ഓണസദ്യ ഒരുക്കി കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച്‌ ചന്ദനത്തിരി കത്തിച്ച്‌ തൂശനിലയില്‍ ഗണപതിയ്ക്കും മഹാബലിയ്ക്കുമായി വിളമ്പി നല്‍കണം. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ് ചെറുപയര്‍ കൊണ്ടോ, തുവര പരിപ്പ് കൊണ്ടോ ആണ് കറി വയ്ക്കുക. സദ്യയുടെ അവിഭാജ്യ ഘടകമായ സാമ്പാര്‍ വിവിധ ഇടങ്ങളില്‍ പല രീതിയിലാണ് വെയ്പ്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍. മലയാളിയുടെ പ്രിയപ്പെട്ട കറി കൂടിയാണ് അവിയല്‍. 'അധികമെന്തിനു ചോറിനു കൂട്ടുവാന്‍ അവിയലൊന്നു ശരിയ്ക്കു ചമയ്ക്കുകില്‍' എന്നൊരു ചൊല്ലുണ്ട്. ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും നിര്‍ബന്ധമാണ് സദ്യയില്‍. ചേനയും കായയും തന്നെ എരിശ്ശേരിയിലെയും ചേരുവ. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കന്‍ ജില്ലകളില്‍ ഏറെ പ്രചാരമുള്ളതാണ്.

പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി സദ്യയിലെ മധുരമുള്ള കറിയാണ്. കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയിലേതെങ്കിലും തോരന് ഉപയോഗിക്കും. കായ മെഴുക്കു പുരട്ടിയും ചിലയിടങ്ങളില്‍ സാധാരണമാണ്. തൈരു കൊണ്ടുള്ള വിഭവങ്ങളില്‍ കാളനാണ് വടക്ക് ഏറെ പ്രിയം. കുറുക്കു കാളനും, പുളിശ്ശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ ഒഴിച്ചു കറിയായ പുളിശ്ശേരിക്ക് ഉപയോഗിക്കാറുണ്ട്. കാളന്‍ കൂട്ടി അവസാനം ചോറുണ്ണുന്ന പതിവുണ്ട്. കുറുക്കു കാളന്‍ കൈയ്യിലൊഴിച്ചാല്‍ വെളിയില്‍ പോകരുതെന്നാണ് പ്രമാണം. കാളന്റെ പുളിരസം ഓലന്‍ കുറയ്ക്കുമെന്നാണ്. വന്‍പയര്‍ ചേര്‍ത്ത് മത്തങ്ങയോ കുമ്പളങ്ങയോ ഉപയോഗിച്ച്‌ തേങ്ങാപ്പാലിലാണ് ഓലന്‍ ഉണ്ടാക്കുക.

പായസത്തില്‍ അടപ്രഥമന്‍ തന്നെ പ്രധാനം. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ അടയില്‍ പഴം ചേര്‍ത്ത് കഴിക്കുന്നതും പാലട, പാല്‍പ്പായസം, സേമിയ എന്നീ പായസങ്ങളില്‍ ബോളിയോ, കുഞ്ചാലഡുവോ ചേര്‍ത്ത് കഴിക്കുന്നതും പതിവാണ്.വള്ളുവനാട്ടില്‍ കാളന്‍ സദ്യയിലെ പ്രധാനികളിലൊന്നാണ്. മലബാറില്‍ സാമ്പാറിന് തേങ്ങ വറുത്തരച്ച്‌ ചേര്‍ക്കാറുണ്ട് കൂട്ടുകറിയും ഓലനും എരിശ്ശേരിയും കാളനും സദ്യയ്ക്ക് പ്രധാനം.

കണ്ണൂരിലും വടകരയുമൊക്കെ ഓണസ്സദ്യയ്ക്ക് നോണ്‍-വെജ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യേകതയുണ്ട്. ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഓണത്തിന് കഴിക്കണമെന്നാണ്. ചിക്കനും, മട്ടനും, മീന്‍ വിഭവങ്ങളുമെല്ലാം ഉത്തര കേരളത്തില്‍ ഓണസ്സദ്യയിലെയും വിഭവങ്ങളാണ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha