ഈ ഓണത്തിന് ഹെല്‍ത്തി ആയ ഒരു പായസം ആണോ ആലോചിക്കുന്നത്. എങ്കില്‍ കൂടുതല്‍ ചിന്തിച്ച് സമയം കളയേണ്ട. നല്ല സൂപ്പർ ടേസ്റ്റില്‍ ഓട്സ് പായസം ഉണ്ടാക്കാം.
ഈ വെറൈറ്റി പായസം ഉണ്ടാക്കാൻ അധികം സമയം വേണ്ട. വീട്ടില്‍ ഉള്ള സാധനങ്ങള്‍ വെച്ച് എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
:
ഓട്‌സ് - 2 കപ്പ്
ശർക്കര - 1 കപ്പ്
തേങ്ങാ പാല്‍
വെള്ളം - 2 കപ്പ് (ഓട്‌സ് വേവിക്കാൻ)
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
കശുവണ്ടി, തേങ്ങ - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തില്‍ 2 കപ്പ് വെള്ളം ചേർത്ത് ഓട്‌സ് 20 മിനിറ്റ് നന്നായി വേവിച്ച് മാറ്റി വെയ്ക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ 1 കപ്പ് വെള്ളത്തില്‍ ശർക്കര ചേർത്ത് തിളപ്പിച്ച് പാനിയാക്കി എടുക്കുക. ശേഷം ഈ പാനി അരിച്ചെടുത്ത് മാറ്റി വെയ്ക്കുക. തിളപ്പിച്ച ശർക്കരപ്പാനി ഓട്‌സ് വേവിച്ച പാത്രത്തില്‍ ചേർത്ത് 5-7 മിനിറ്റ് നന്നായി വേവിക്കുക.
ഇതിലേക്ക് തേങ്ങാ പാല്‍ ചേർത്ത് നന്നായി ഇളക്കി ചെറിയ തീയില്‍ വേവിക്കുക. വെന്ത് വരുമ്പോള്‍ നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിയും, തേങ്ങയും പായസത്തിലേക്ക് ചേർത്ത് ഇളക്കുക. അവസാനം ഏലയ്ക്കാപ്പൊടി ഇട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കുക.

