തിരുവനന്തപുരം: മാതാവിന്‍റെയും ആണ്‍ സുഹൃത്തിന്‍റെയും മർദനത്തിനിരയായി മരിച്ച ഒന്നര വയസുകാരൻ അർഷാദിന്‍റെ ശരീരത്തിലുണ്ടായിരുന്നത് 51 മുറിവുകള്‍.
ശരീരത്തില്‍ നിറയെ പരിക്കേറ്റ് ഉണങ്ങിയ പാടുകളും ജനനേന്ദ്രിയത്തില്‍ പരിക്കും കാല്‍പാദങ്ങളുടെ അടിവശത്ത് പൊള്ളിച്ച പാടുകളും ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലക്കെതിരെയും സുഹൃത്ത് അഷ്കറിനെതിരെയും കൊലപാതക കുറ്റം ചുമത്തി.
കുട്ടിയെ അഷ്കർ ക്രൂരമായ മർദനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍. മർദനത്തെത്തുടർന്നാണ് കുട്ടി മരണപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയെ അഷ്കർ മർദനത്തിന് ഇരയാക്കിയിട്ടും അമ്മ അഖില തടഞ്ഞില്ല. ഒരു മാസത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ആഹാരം തൊണ്ടയില്‍ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചക്കാണ് അഷ്കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുന്നത്. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോള്‍ മരിച്ചു.
ഡോക്ടർമാർ പരിശോധനയില്‍ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകള്‍ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ക്ഷതമേറ്റ പാടും ഉണ്ടായിരുന്നു. കാല്‍പ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മ അഖില ഏതാനും നാളുകളായി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി തമിഴ്നാട്ടിലായിരുന്നു. ഈ സമയം കുഞ്ഞും അഷ്കറും മാത്രമാണ് വാടക വീട്ടിലുണ്ടായിരുന്നത്. ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു. അതെല്ലാം ഉരുണ്ടുവീണും തീയില്‍ കളിച്ചുമൊക്കെ സംഭവിക്കുന്നതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പൊലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് കരഞ്ഞ് നിർബന്ധം പിടിച്ച കുഞ്ഞിന്റെ തലക്കു പിന്നില്‍ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തില്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലില്‍ കിടത്തി. ഇതിനിടയില്‍ കുഞ്ഞ് ഛർദ്ദിക്കുകയും ചെയ്തു. ഛർദ്ദിക്കുന്നതിന്റെ ശബ്ദം കേട്ട് പരിസരവാസികളില്‍ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയില്‍ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
കുഞ്ഞിനെ ഉയരത്തില്‍ നിന്നും തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ചതായും വടി ഉപയോഗിച്ച് പീഡിപ്പിച്ചിരുന്നതായും അഷ്കർ പൊലീസിനോട് സമ്മതിച്ചു. വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില. പാലോട് സ്വദേശി അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖില്‍ ആത്മഹത്യ ചെയ്തു. ശേഷമാണ് അഷ്കറെ കൂടെ കൂട്ടിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പിതാവ് ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

