വരവൂർ (തൃശൂർ) :മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറില്‍ മടങ്ങുകയായിരുന്ന വിദ്യാർഥിനി അപകടത്തില്‍ മരിച്ചു.
മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ വരവൂർ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് (18) മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
കോളജില്‍ നിന്ന് പിതാവിനൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിലല്ലാത്തതിനാല്‍ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ആര്യ.

