കൊച്ചി: യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകൻ രഞ്ജിത്തിനെ ഫോർട്ട്കൊച്ചി ആസ്പിൻവാള്‍ പരിസരത്തും എറണാകളും പോലീസ് ആംഡ് റിസർവ് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള കാരവനിലുമെത്തിച്ച് ഞായറാഴ്ച തെളിവെടുത്തു.തിങ്കളാഴ്ച വൈകീട്ട് നാലു വരെയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തെളിവെടുപ്പ് പൂർത്തിയായ ഉടൻ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
ഇതേ തുടർന്ന് രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പോലീസ് ചോദ്യം ചെയ്യലില്‍ തനിക്കെതിരേയുള്ള ലൈംഗികാതിക്രമ ആരോപണം രഞ്ജിത്ത് നിഷേധിച്ചു.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എറണാകുളം വനിതാ സ്‌റ്റേഷനില്‍നിന്ന് രഞ്ജിത്തിനെ ഫോർട്ട്കൊച്ചി ആസ്പിൻവാള്‍ പരിസരത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയത്. ജനുവരി 30-ന് ഈ ലൊക്കേഷനില്‍ രഞ്ജിത്ത് യുവനടിയോട് മോശമായി പെരുമാറി എന്നാണ് പരാതി. 11.15-ഓടെയാണ് എറണാകുളം ആംഡ് റിസർവ് ക്യാമ്പിലേക്ക് എത്തിച്ചത്.
ആസ്പിൻവാള്‍ ലൊക്കേഷനിലുണ്ടായിരുന്ന കാരവനിലുള്ളിലാണ് സംഭവം നടന്നതെന്നാണ് യുവനടിയുടെ മൊഴിയിലുള്ളത്. ലൊക്കേഷനിലുണ്ടായിരുന്ന രണ്ട് കാരവനുകള്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ആംഡ് റിസർവ് ക്യാമ്പിലെത്തിച്ചിരുന്നു. ഇതില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാരവനിലുള്ളിലേക്ക് അന്വേഷണസംഘം രഞ്ജിത്തിനെ കയറ്റിയാണ് തെളിവെടുത്തത്.ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, പോലീസ് കസ്റ്റഡി നേരത്തേ അവസാനിച്ചതിനാല്‍ തിങ്കളാഴ്ച തന്നെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

