പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡില്‍ കാർ കത്തി ഗർഭിണിയായ സോന (27) മരിച്ച സഭവത്തില്‍ പോലീസിന് ലഭിച്ച പെട്രോള്‍പമ്പിലെ സി.സി.ടി.വി.
ദൃശ്യം അന്വേഷണത്തില്‍ വഴിത്തിരിവായി. ഒരു യുവതി നടന്ന് പേരാമ്പ്രയിലെ പെട്രോള്‍ പമ്പിലേക്കെത്തുകയും വെളുത്ത കാനില്‍ പെട്രോള്‍വാങ്ങി നടന്നു മടങ്ങിപ്പോവുകയും ചെയ്യുന്ന ദൃശ്യമാണ് ലഭിച്ചത്.സംഭവം നടന്ന 15-ന് വൈകീട്ട് 7.25-ഓടെ പെട്രോള്‍ വാങ്ങുന്നതായാണ് ദൃശ്യത്തിലുള്ളത്. ഈ യുവതി സോനയാണെന്നാണ് കണ്ടെത്തല്‍. കാറില്‍ പെട്രോള്‍ കത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിട്ടുണ്ട്.
കാറിന് ഉള്‍വശം മാത്രമായിരുന്നു കത്തിനശിച്ചത്. എൻജിൻ ഭാഗത്തോ, ഡീസല്‍ ടാങ്ക് ഭാഗത്തോ തീപ്പിടിത്തമുണ്ടായിട്ടില്ല. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സോന തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണോ എന്ന കാര്യമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. തീപ്പിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ കക്കറമുക്ക് പൂവത്തുംചാലില്‍ രജിൻലാല്‍ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രജിൻലാലിന്റെ മൊഴിയും പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
പെട്രോളിന്റെ മണം അനുഭവപ്പെട്ടപ്പോള്‍ അതേക്കുറിച്ച് ചോദിച്ച സമയത്തുതന്നെ പിന്നില്‍നിന്ന് തീപ്പിടിത്തമുണ്ടായെന്നാണ് മൊഴി.രജിൻലാലുമായി തർക്കമുണ്ടായതിനെത്തുടർന്നാണ് സോന കാറിന്റെ പിൻസീറ്റില്‍ കയറിയതെന്നും പറയുന്നു.
സംഭവദിവസം ഉച്ചയോടെ സോനയെ രജിൻലാല്‍ വാല്യക്കോട്ടെ ഇളയമ്മയുടെ വീട്ടില്‍ എത്തിച്ചു മടങ്ങിയിരുന്നു. രജിൻലാല്‍ വീട്ടിലേക്ക് കയറിയില്ല. രാത്രിയാണ് തിരികെയെത്തി സോനയെ കൂട്ടി മടങ്ങിയത്. വൈകീട്ട് സോന ഇളയമ്മയുടെ മകള്‍ക്കൊപ്പം പേരാമ്പ്രയില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയിരുന്നു. ഇളയമ്മയുടെ മകള്‍ ചെമ്പ്ര റോഡിന് സമീപത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്ന സമയം സോന ഇവിടെനിന്ന് മറ്റൊരിടത്തേക്ക് പോയിരുന്നു. ഈ സമയത്താണ് പെട്രോള്‍ വാങ്ങിയതെന്നാണ് അന്വേഷണസംഘം അനുമാനിക്കുന്നത്. സാധനങ്ങള്‍ വാങ്ങാനായി വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് പോയതെന്നും സോന എന്താണ് വാങ്ങിയതെന്ന് അറിയില്ലെന്നുമാണ് ഇളയമ്മയുടെ മകള്‍ അശ്വതി പറയുന്നത്. പെട്രോള്‍ ഒരു ബാഗിലാക്കിയാണ് പെട്രോള്‍ പമ്പില്‍നിന്ന് സോന മടങ്ങിയത്. ഈ ബാഗിന്റെ അവശിഷ്ടം ഉള്‍പ്പെടെ കാറില്‍നിന്ന് ഫൊറൻസിക് സംഘത്തിനു ലഭിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തില്‍ സോനയുടെ ശരീരത്തില്‍ പെട്രോളിന്റെ അംശമുണ്ടെന്ന സൂചന ലഭിക്കുകയുംചെയ്തു.

