മലപ്പുറം: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവം ഉത്തരേന്ത്യൻ കുംഭമേളകളുടെ മാതൃകയില്‍ സർക്കാരിന്റെ നേരിട്ടുള്ള നിയമനിർമാണത്തിലൂടെയും ഔദ്യോഗിക മേല്‍നോട്ടത്തിലൂടെയും നടത്തണമെന്ന് സന്ന്യാസി സമൂഹമായ ജൂനാ അഖാഡ.
പ്രയാഗ്‌രാജിലും ഹരിദ്വാറിലും യുപി മേള ആക്‌ട് വഴിയും നാസിക്കിലും ഉജ്ജയിനിയിലും സിംഹസ്ഥ മേള ആക്‌ട് വഴിയും പ്രത്യേക 'മേളാ ഓഫീസർമാരെ' നിയമിച്ചാണ് സർക്കാർ കുംഭമേളകള്‍ ഏകോപിപ്പിക്കുന്നത്. ഇതേ മാതൃകയില്‍ കേരള സർക്കാരും മുന്നോട്ടുവരണമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ആവശ്യപ്പെട്ടു.
കുംഭമേളയെ കേവലം ആചാരപരമായ ഹൈന്ദവ ചടങ്ങായി മാത്രം സർക്കാർ ചുരുക്കിക്കാണരുതെന്നും ലക്ഷക്കണക്കിന് ഭക്തരും സന്ദർശകരും എത്തുമ്പോള്‍ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജും നാസിക്കുമെല്ലാം ഇതിന് ഉദാഹരണമാണ്. രണ്ട് എംഎല്‍എമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകള്‍ നടന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങള്‍ പൂർണമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 15ന് മകരസംക്രമത്തില്‍ ആരംഭിച്ച് മാർച്ച് ആറിന് മഹാശിവരാത്രി വരെ 51 ദിവസങ്ങളിലായാണ് തിരുനാവായയില്‍ മഹാമാഘ മഹോത്സവം നടക്കുക. കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം വരെയുള്ള നിളാതടങ്ങളിലെയും ആധ്യാത്മിക-സാംസ്കാരിക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് 'നിളാ പരിക്രമ'വും സംഘടിപ്പിക്കും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരെയെല്ലാം മേളയിലേക്ക് ക്ഷണിക്കും.
മഹോത്സവത്തിന് ജനകീയ രൂപം നല്‍കുന്നതിനായി നവംബർ ഏഴിന് തിരുനാവായയില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്നും ആനന്ദവനം ഭാരതി അറിയിച്ചു. ആരെയും മാറ്റിനിർത്താതെ മുഴുവൻ പരമ്പരകളെയും ജനങ്ങളെയും സർക്കാരിനെയും ചേർത്തുനിർത്തി അഖാഡയുടെ നേതൃത്വത്തില്‍ മേള മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുനാവായയില്‍ ക്ഷേത്രദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലത്തെത്തിയ സ്വാമി ആനന്ദവനം ഭാരതിയെ മുസ്‌ലിം ലീഗ് നേതാവും തിരൂർ എംഎല്‍എയുമായ കുറുക്കോളി മൊയ്തീൻ മാലയിട്ട് സ്വീകരിച്ചു.
കഴിഞ്ഞ വർഷത്തെ കുംഭമേളയുടെ ഭാഗമായി നടന്ന പ്രഭാഷണ പരിപാടിയില്‍ ഒരു സന്യാസി മുസ്‌ലിം സമൂഹത്തെയും മലപ്പുറത്തെയും അധിക്ഷേപിച്ച് വിദ്വേഷ പ്രഭാഷണം നടത്തിയിരുന്നു. മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമ്പോള്‍ ഹിന്ദുക്കള്‍ പൊട്ടൻമാരായിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങളിലൊന്ന്. ഹിന്ദുക്കള്‍ക്ക് സുപ്രീം കോടതിയില്‍നിന്നുപോലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ശരീഅത്ത് കോടതികളാണ് വരാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളില്‍ ചിലർ മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

