വടകര: ലഹരിക്കേസില്‍ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി.
വടകരയില്‍ എത്തിയപ്പോഴാണ് ആഭ്യന്തരമന്ത്രിക്ക് വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം സമർപ്പിച്ചത്.
ആഭ്യന്തരമന്ത്രിയായതിനു ശേഷം ലഹരിക്കെതിരെ കൊണ്ടുവന്ന 'തൂഫാൻ' പദ്ധതി അഭിനന്ദനാർഹമാണ്. എന്നാല്‍ അധ്യാപികമാർ പിടിക്കപ്പെട്ട കേസില്‍ തുടക്കത്തിലുണ്ടായിരുന്ന അന്വേഷണ മികവ് പിന്നീട് അട്ടിമറിക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും കേസിന് മരവിപ്പ് സംഭവിച്ചതും ദുരൂഹമാണ്. മൂന്ന് വർഷം മുമ്പ് അഴിയൂരില്‍ വിദ്യാർത്ഥിനിയെ ലഹരിക്ക് അടിമയാക്കി കാരിയറാക്കിയ കേസിലും ഒരു അധ്യാപികയ്ക്ക് പങ്കുണ്ടെന്ന് മൊഴിയുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെട്ടിരുന്നു. സമാന രീതിയില്‍ ഈ കേസും അട്ടിമറിക്കപ്പെടാൻ അനുവദിക്കരുതെന്നും, ലഹരി മാഫിയയിലെ അവസാന കണ്ണിയെ വരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രി ശക്തമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

