തിരുവനന്തപുരം: ഭരണത്തിലേറി അഞ്ച് മാസം പൂർത്തിയാകുമ്പോഴേക്കും വീണ്ടും കടമെടുത്ത് യുഡിഎഫ് സർക്കാർ. ഇത്തവണ 1,500 കോടി രൂപയാണ് കടമെടുക്കുന്നത്.
ലേലം 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസില്‍ നടക്കും. ഈ മാസത്തെ രണ്ടാമത്തെയും യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമുള്ള പന്ത്രണ്ടാമത്തെയും കടമെടുപ്പാണിത്.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ സെപ്റ്റംബറില്‍ മാത്രം 5,800 കോടി രൂപ കടമെടുത്തിരുന്നു. ഒക്ടോബറില്‍ 1,000 കോടി രൂപയും കടമെടുത്തു. ഡിസംബർ വരെയുള്ള കേരളത്തിന്റെ പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പ് പരിധി 32,464 കോടി രൂപയാണ്. ഇതോടെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് വിമർശനം.
തെരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബദല്‍ മാർഗങ്ങളുണ്ടെന്ന് പറഞ്ഞ സതീശൻ ഓരോ മാസവും കടമെടുത്ത് കൂട്ടുകയാണെന്ന് വിമർശനമുണ്ട്. വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നും ആരോപണമുണ്ട്. പ്രതിമാസം ശരാശരി 3,000 കോടി രൂപയ്ക്ക് മുകളിലാണ് കടമെടുക്കുന്നത്.

