ദുബൈ: യുഎഇയില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരും. ഉച്ചയോടെ കിഴക്കൻ, തെക്കൻ മേഖലകളില്‍ കാർമേഘങ്ങള്‍ രൂപപ്പെടാനും മഴയ്ക്കും സാധ്യതയുണ്ട്.
കാറ്റിന്റെ വേഗത മലനിരകളില്‍ മണിക്കൂറില്‍ 45 കിലോമീറ്ററും ഉള്‍നാടുകളില്‍ 40 കിലോമീറ്ററും തീരപ്രദേശങ്ങളില്‍ 35 കിലോമീറ്ററും വരെ ഉയരാം. ഉള്‍നാടുകളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 34 മുതല്‍ 39 ഡിഗ്രി വരെയും മലനിരകളില്‍ 28 മുതല്‍ 33 ഡിഗ്രി വരെയും ഉയരാം. ഇന്ന് രാത്രിയിലും നാളെ രാവിലെയും അന്തരീക്ഷ ഈർപ്പം വർധിക്കുമെന്നും ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴ തുടരും. ഉച്ചയോടെ കിഴക്കൻ മേഖലകളില്‍ രൂപപ്പെടുന്ന കാർമേഘങ്ങള്‍ ഉള്‍നാടുകളിലേക്കും പടിഞ്ഞാറൻ ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കും. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും പൊടിപടലങ്ങള്‍ ഉയർന്ന് തുറസ്സായ സ്ഥലങ്ങളില്‍ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
വ്യാഴാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. ഉച്ചയോടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളില്‍ രൂപപ്പെടുന്ന മേഘങ്ങള്‍ മഴയ്ക്ക് കാരണമായേക്കും. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ചയോടെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയി മാറും. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയും അന്തരീക്ഷ ഈർപ്പം വർധിക്കാനും പടിഞ്ഞാറൻ തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റർ വരെയാകാം. അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

