Monday, 14 Jun, 12.30 pm Nerariyan

പൊളിടിക്സ് റിടോള്‍ഡ്
Exclusive കെ സുരേന്ദ്രന് പിന്നാലെ എം ഗണേശനും തെറിക്കും, സിദ്ധാര്‍ത്ഥന്‍ പുതിയ സംഘടനാ ജനറല്‍സെക്രട്ടറി

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാനുള്ള തീരുമാനത്തിന് പിന്നാലെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയെയും മാറ്റാന്‍ ധാരണ. നിലവിലെ സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ നീക്കി പകരം പാലക്കാട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെ പുതിയ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കാനാണ് ആര്‍എസ്‌എസ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം.

കുഴല്‍പ്പണക്കടത്ത് കേസില്‍ പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്ത സാഹചര്യത്തിലാണ് എം ഗണേശനെ തട്ടുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയും കുഴല്‍പ്പണ വിവാദവും പ്രതിസന്ധിയിലാക്കിയ കേരളാ ബിജെപി ഘടകത്തില്‍ സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്‌എസും നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ സുരേന്ദ്രന്റെയും എം ഗണേശനെയും തെറിപ്പിക്കുന്നത്‌.

പാലക്കാട് സ്വദേശിയായ സിദ്ധാര്‍ത്ഥന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ ആര്‍എസ്‌എസ് പ്രചാരകനാണ്. സംഘപരിവാറിലെ ഉന്നത നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന സിദ്ധാര്‍ത്ഥിനെ കേരളത്തിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കിയാല്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെടാന്‍ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

മാത്രമല്ല, നേതാക്കളുടെ വഴിവിട്ട പോക്കും രൂക്ഷമായ ഗ്രൂപ്പ് പോരും ഉന്നത സംഘപരിവാര്‍ നേതാക്കളുടെ സഹായത്തോടെ നിലക്ക് നിര്‍ത്താന്‍ കഴിയുമെന്നും ആര്‍എസ്‌എസ് കരുതുന്നു. മലയാളി എന്ന നിലയിലും സിദ്ധാര്‍ത്ഥിന്റെ ഇടപെടല്‍ ഗുണകരമാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.
ഗ്രൂപ്പ് പോരിന് ചുക്കാന്‍ പിടിക്കുന്ന കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തെറിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നു.

പകരം എം ടി രമേശിനെ സംസ്ഥാന പ്രസിഡന്റാക്കാനാണ് നീക്കം. ആര്‍എസ്‌എസ് നിര്‍ദ്ദേശപ്രകാരമാണ് എം ടി രമേശിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത്. തീവ്ര സംഘപരിവാര്‍ നിലപാടുകാരനായ രമേശ്, ആര്‍എസ്‌എസ് നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.

നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. മുമ്ബ് കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയപ്പോള്‍ എം ടി രമേശിന്റെ പേരായിരുന്നു സംഘപരിവാര്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം രമേശിനെ വി മുരളീധരന്‍ - കെ സുരേന്ദ്രന്‍ അച്ചുതണ്ട് ചേര്‍ന്ന് വെട്ടുകയായിരുന്നു.

Tags: featured news new General Secretary of the organization Siddharthan കെ സുരേന്ദ്രന്‍ സിദ്ധാര്‍ത്ഥന്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Nerariyan
Top