Monday, 21 Sep, 10.13 am News At First

ഹോം
കാര്‍ഷിക ബില്ലുകള്‍ രാഷ്ട്രീയായുധമാകും

പ്രതിപക്ഷ എതിര്‍പ്പിനിടയിലും തിരക്കിട്ട് പാസാക്കുന്ന കാര്‍ഷികബില്ലുകള്‍ ഇരുകൂട്ടര്‍ക്കും രാഷ്ട്രീയായുധമാകും. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും ബില്ലുകളുടെ ആദ്യ ജനഹിത പരിശോധനാവേദി. പഞ്ചാബിലും ഹരിയാനയിലും സഖ്യകക്ഷികള്‍ ഇടഞ്ഞിട്ടും ബില്ലുകളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോയത് ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. ബില്‍ കര്‍ഷകരുടെ സംരക്ഷണ കവചമാണെന്ന് ബി.ജെ.പി.യും കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതലാണെന്ന് പ്രതിപക്ഷവും വാദിക്കും.

രണ്ട് മാസത്തിനുള്ളിലാണ് ബിഹാര്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞദിവസം ബിഹാറിലെ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ കാര്‍ഷിക ബില്ലുകളെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. കാര്‍ഷിക ബില്ലുകള്‍ തിരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ഞായറാഴ്ച പത്രസമ്മളനത്തില്‍ പറഞ്ഞിട്ടുണ്ട്.

90 ശതമാനം കാര്‍ഷിക-പിന്നോക്ക മേഖലകളടങ്ങുന്ന ബിഹാര്‍ രാഷ്ട്രീയത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ബി.ജെ.പി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് അവ തിടുക്കത്തില്‍ പാര്‍ലമെന്റില്‍ എത്തിച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഘടകകക്ഷികള്‍ ഇടയുന്നതോ പിണങ്ങുന്നതോ തത്കാലം ബി.ജെ.പി-യുടെ പരിഗണനാ വിഷയമല്ലാത്തതും അതുകൊണ്ടാണ്. മാത്രമല്ല, ഈ സഖ്യകക്ഷികള്‍ അതതു സംസ്ഥാനങ്ങളില്‍ നിലനില്‍പ്പിനു വേണ്ടി സ്വീകരിക്കുന്ന തന്ത്രപരമായ നിലപാടുകളാണിതെന്ന വിലയിരുത്തലും ബി.ജെ.പി.ക്കുണ്ട്.
കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കാനാണ് ബില്‍ കൊണ്ടുവന്നതെന്നായിരിക്കും പ്രചാരണ വേദികളില്‍ ബി.ജെ.പ-.യുടെ വാദം. ബില്ലുകളെ എതിര്‍ക്കുന്നവര്‍ ഇടനിലക്കാരായ കമ്മിഷന്‍ ഏജന്റുമാരെ പിന്തുണയ്ക്കുന്നവരാണെന്ന് പാര്‍ട്ടി ആരോപിക്കും. 2019-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന വാദവും ഉയര്‍ത്തുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

കാര്‍ഷികമേഖല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മോദിസര്‍ക്കാര്‍ അടിയറ വച്ചെന്ന് പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ബിഹാറിലെ എന്‍.ഡി.എ-ക്കുള്ളില്‍ ജെ.ഡി.യു-വും രാംവിലാസ് പസ്വാന്റെ പാര്‍ട്ടിയായ എല്‍.ജെ.പി-യും തമ്മിലുള്ള കലഹവും ആര്‍.ജെ.ഡി-യുടെ കണ്ണിലുണ്ട്. സീറ്റുനിലയെച്ചൊല്ലി ഇരുവരും തമ്മില്‍ ഇടഞ്ഞാല്‍ പസ്വാന്‍ എന്‍.ഡി.എ വിടുമെന്ന പ്രതീക്ഷ തേജസ്വിക്കുണ്ട്. സഖ്യം വിടേണ്ടി വന്നാല്‍ അതിനുകാരണമായി പൊതുവേദിയില്‍ പസ്വാന്‍ ചൂണ്ടിക്കാട്ടുക കാര്‍ഷിക ബില്ലുകള്‍ക്കെതിരേയുള്ള പ്രതിഷേധമായിരിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top