Sunday, 19 Jan, 10.10 am News At First

ഹോം
കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്തത് മലിന ജലം; തിരുവനന്തപുരം നഗരസഭയുടെ ഹെല്‍ത്ത് സ്കോഡ് ടാങ്കര്‍ ലോറി പിടികൂടി, ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം: കുടിവെള്ളമെന്ന പേരില്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളും മലിന ജലമെത്തിച്ച ടാങ്കര്‍ ലോറി പിടികൂടി. സെക്രട്ടറിയേറ്റിന് സമീപമുള്ള അരുള്‍ ജ്യോതി ഹോട്ടലില്‍ വെള്ളം വിതരണം ചെയ്യുന്നതിനിടയിലാണ് എ കെ ട്രാന്‍സ്പോര്‍ട്ട് എന്ന പേരിലുള്ള ടാങ്കര്‍ നഗരസഭയുടെ ഹെല്‍ത്ത് സ്കോഡ് പിടികൂടിയത്. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അരുള്‍ ജ്യോതി ഹോട്ടലിന്റെ പ്രവര്‍ത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിര്‍ത്തിവച്ചു.

മലിനമായ സ്രോതസ്സുകളില്‍ നിന്ന് വെള്ളമെടുത്ത് കുടിവെള്ളമെന്ന വ്യാജേന നഗരത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് സ്വകാഡ് മിന്നല്‍ പരിശോധന നടത്തിയത്. തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച്‌, അതില്‍ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവര്‍ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയില്‍ വെള്ളം മലിനമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കി. നഗരത്തില്‍ കുടിവെള വിതരണം നടത്തുന്ന ടാങ്കറുകള്‍ വൃത്തിഹീനമായ സ്രോതസ്സുകളില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് വിതരണം ചെയ്യുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടാങ്കറുകളിലൂടെയുള്ള കുടിവെള്ള വിതരണം സുരക്ഷിതമാക്കുന്നതിലേക്കായി നഗരസഭ കൗണ്‍സില്‍ ബൈലോ പാസാക്കി. ബൈലോ പ്രകാരമുള്ള ടാങ്കറുകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കുടിവെളളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പ് വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴയും ടാങ്കര്‍ ലോറികളുടെ സേവനത്തിനായി നഗരസഭാ വാസികള്‍ക്ക് അപേക്ഷിക്കാം. ഉപഭോക്താക്കളില്‍ നിന്ന് കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top