Sunday, 19 Jan, 10.10 am News At First

ഹോം
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ താപ മഗര്‍ അന്തരിച്ചു

കാട്മണ്ഡു: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഉടമയായ നേപ്പാള്‍ സ്വദേശി ഖാഗേന്ദ്ര താപ മഗര്‍ അന്തരിച്ചു. 27 വയസായിരുന്നു. രണ്ടടി 2.41 ഇഞ്ച് (വെറും 67.08 സെന്റീമീറ്റര്‍) ഉയരവും, ആറര കിലോ ഭാരവുമായിരുന്നു മഗറിന്റേത്.

ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മധ്യ നേപ്പാള്‍ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഖാഗേന്ദ്ര താപ മഗറിന്റെ അന്ത്യം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഹൃദയത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് സഹോദരന്‍ മഹേഷ് താപ മഗര്‍ പറഞ്ഞു.

നേപ്പാള്‍ വിനോദ സഞ്ചാര മേഖലയുടെ മുഖമായിരുന്നു മഗര്‍. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുള്ള രാജ്യത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന പേരിലായിരുന്നു നേപ്പാള്‍ ടൂറിസത്തിന്‍റെ പ്രചാരണം.

മഗറിന്റെ മരണത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ അനുശോചനം രേഖപ്പെടുത്തി. പരിചയപ്പെടുന്നവരെയെല്ലാം ആര്‍ദ്രമാക്കുന്നതായിരുന്നു മഗറിന്റെ തെളിച്ചമാര്‍ന്ന പുഞ്ചിരിയെന്ന് അനുശോചന സന്ദേശത്തില്‍ ഗ്ലെന്‍ഡെ കുറിച്ചു.

2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് മഗറിനെ തേടിയെത്തിയത്. 18-ാം പിറന്നാള്‍ ദിനവും ഗിന്നസ് നേട്ടവും ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. തന്റെ 27 വയസ്സിനിടെ ഒരു ഡസനിലേറെ രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്‍റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു. മഗറിന്‍റെ മരണത്തോടെ 70 സെന്റീമീറ്റര്‍ ഉയരമുള്ള കൊളമ്ബിയ സ്വദേശിയായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസ് ഇനി ചലനശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top